നേപ്പാൾ ദുരന്തം ‘NISAR’ മുൻകൂട്ടി കണ്ടില്ല; ചോദ്യമുനയിൽ 12,329 കോടിയുടെ നാസ-ഇസ്രോ ഉപഗ്രഹം

ന്യൂഡൽഹി: നേപ്പാൾ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഭൗമ നിരീക്ഷണ ഉപഗ്രഹമായ 'നൈസറി' (NASA-ISRO Synthetic Aperture Radar) ന്റെ പ്രവർത്തന ക്ഷമത സംബന്ധിച്ച് ചോദ്യങ്ങളുയരുന്നു. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമെന്ന് അവകാശപ്പെട്ടാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സിവിലിയൻ ഭൗമനിരീക്ഷണ ഉപഗ്രഹം നൈസർ വിക്ഷേപിച്ചത്. ഹിമാലയൻ മേഖലയിലെ ഹിമപാതങ്ങളും ഉരുൾപൊട്ടലുകളും അതീവ കൃത്യതയോടെ കണ്ടെത്തുമെന്നാണ് നാസയും ഐഎസ്ആർഒയും വിക്ഷേപണസമയത്ത് പറഞ്ഞിരുന്നത്. എന്നാൽ, മഹാദുരന്തത്തെ കുറിച്ചുള്ള സൂചനയോ പൊതുവിവരങ്ങളോ വിശകലനങ്ങളോ നൈസറിൽനിന്ന് ലഭ്യമാകാതിരുന്നതാണ് ശാസ്ത്രജ്ഞർക്കിടയിലും ദുരന്ത നിവാരണ വിദഗ്ധർക്കിടയിലും സംശയങ്ങൾ ഉയർത്തുന്നത്.
എന്താണ് നൈസർ?
നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയും ചേർന്നുള്ള 1.3 ബില്യൺ ഡോളർ (ഏകദേശം 12,329 കോടി രൂപ) ചെലവഴിച്ചുള്ള സംയുക്ത സംരംഭമാണ് നൈസർ. ഭൂമിയുടെ ഉപരിതലത്തിലെ മില്ലിമീറ്റർ വ്യത്യാസങ്ങൾവരെ അളക്കാൻ ശേഷിയുള്ള അത്യാധുനിക ഡ്യുവൽ-ഫ്രീക്വൻസി റഡാർ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. ഹിമാനികൾ നിരീക്ഷിക്കുക, മണ്ണിടിച്ചിൽ ട്രാക്ക് ചെയ്യുക, ഭൂകമ്പങ്ങൾ പഠിക്കുക, ദുരന്തനിവാരണത്തിന് ആവശ്യമായ വിവരങ്ങൾ നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രത്യേകിച്ച് ഭൗമശാസ്ത്രപരമായി വളരെ ദുർബലമായ ഹിമാലയൻ മേഖലയായിരുന്നു നൈസറിന്റെ പ്രധാന നിരീക്ഷണപരിധി.
ചോദ്യങ്ങളുയർത്തി നേപ്പാൾ ദുരന്തം
നേപ്പാളിൽ ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചിട്ടും എന്തുകൊണ്ട് നൈസർ വിവരങ്ങൾ നൽകിയില്ല എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. നിലവിൽ ഐഎസ്ആർഒയുടെ റിസോഴ്സ്സാറ്റ്-2എ (Resourcesat 2A), കാർട്ടോസാറ്റ്-3എ (Cartosat 3A) എന്നീ ഉപഗ്രഹങ്ങളും പ്ലാനറ്റ് ലാബ്സും എടുത്ത ചിത്രങ്ങൾ ദുരന്ത വിശകലനത്തിനായി ലഭ്യമായിട്ടുണ്ട്. എന്നാൽ, നൈസറിൽ നിന്നുള്ള ഒരു വിവരങ്ങളും ഇതുവരെ പൊതുരേഖകളിൽ വന്നിട്ടില്ല.
ആഗസ്റ്റ് നാലിന് ബെംഗളൂരുവിൽവെച്ച് നൈസർ ഉപഗ്രഹത്തിന്റെ വിജയകരമായ ഒന്നാം വാർഷികം നാസയും ഐഎസ്ആർഒയും സംയുക്തമായി ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തം ഉണ്ടായത്. ഈ വാർഷിക സമ്മേളനത്തിൽ നൈസർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതായും ഇരു ഏജൻസികളും വ്യക്തമാക്കിയിരുന്നു. മാത്രമല്ല ജൂൺ 24-ന് വെനസ്വേലയിലുണ്ടായ ഭൂകമ്പ സമയത്ത് നൈസർ ഭൂമിയുടെ ഉപരിതലത്തിലുണ്ടായ മാറ്റങ്ങളുടെ കൃത്യമായ ഭൂപടം നൽകി ദുരന്ത നിവാരണ പ്രവർത്തനങ്ങളെ സഹായിച്ചിരുന്നു. എന്നാൽ, നേപ്പാളിൽ മാത്രം നൈസർ നിഷ്ക്രിയമായിരുന്നോ എന്നാണ് ഉയരുന്ന സംശയം.
വിശദീകരിച്ച് ശാസ്ത്രജ്ഞർ
നൈസറിന്റെ പ്രവർത്തനക്ഷമത ചോദ്യംചെയ്യപ്പെടുമ്പോൾ വിശദീകരണവുമായി വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. നൈസർ ഉപഗ്രഹം കേവലം വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നത്. അത് സ്വയം വിശകലനം ചെയ്യുന്നില്ല. ഈ വിവരങ്ങൾ അപഗ്രഥിച്ച് നിഗമനങ്ങളിലെത്തേണ്ടത് മനുഷ്യരാണ്. ഹിമാലയത്തിൽ ഇത്തരം അസാധാരണമായ മാറ്റങ്ങൾ സ്വയം നിരീക്ഷിക്കാനുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ നൈസർ പ്രോജക്ട് ശാസ്ത്രജ്ഞനായ ഡോ. പോൾ റോസൻ പറഞ്ഞു.
ദുരന്തങ്ങൾക്ക് മുന്നോടിയായുള്ള ഭൂതല മാറ്റങ്ങൾകൃത്യമായി ട്രാക്ക് ചെയ്യുന്നതിന് ആവശ്യമായ വിവരശേഖരണം ശാസ്ത്രസംഘം ആരംഭിക്കുന്നതേയുള്ളൂ. ഹിമാലയൻ മേഖലയിലുടനീളമുള്ള സാധാരണവും അസാധാരണവുമായ ചലനങ്ങൾ സ്വയം കണ്ടെത്താൻ ശേഷിയുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഭാവിയിൽ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനുശേഷമേ അപകടസാധ്യതകൾ കൃത്യമായി പ്രവചിക്കാൻ സാധിക്കുകയുള്ളൂ. നൈസർ ഇത്തരത്തിലുള്ള ആദ്യ ഉപഗ്രഹമായതിനാൽ ലഭിക്കുന്ന സങ്കീർണ്ണമായ റഡാർ വിവരങ്ങൾ പഠിച്ചെടുക്കാൻ സമയമെടുക്കും. ഓരോ പ്രളയവും ഉരുൾപൊട്ടലും ഹിമപാതവും മുൻകൂട്ടി പ്രവചിക്കുന്ന തരത്തിലുള്ള ഒരു തത്സമയ മുന്നറിയിപ്പ് സംവിധാനമായിട്ടല്ല നൈസറിനെ രൂപകൽപന ചെയ്തിരിക്കുന്നത്. ഈ ദൗത്യത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകൾ സംഭവിച്ചതായി യാതൊരു തെളിവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതീക്ഷിച്ചിരുന്നത്
ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നതിന് മുൻപ് ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ഏറ്റവും സൂക്ഷ്മമായ ചലനങ്ങൾ പോലും മില്ലിമീറ്റർ കൃത്യതയോടെ അളക്കാൻ ഈ ഉപഗ്രഹത്തിന് സാധിക്കുമെന്നായിരുന്നു നൈസർ വിക്ഷേപണവേളയിൽ ശാസ്ത്രസംഘം അവകാശപ്പെട്ടിരുന്നത്. ഭൂകമ്പ ചക്രങ്ങൾ ഉണ്ടാകുന്നതിന് മുൻപും അതിനിടയിലും ശേഷവുമുള്ള ഭൗമമാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാൻ നൈസറിലൂടെ ശാസ്ത്രജ്ഞർക്ക് സാധിക്കും. സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾക്ക് സാധിക്കാത്തവിധം ഭൂമിയുടെയും മഞ്ഞിന്റെയും ചലനങ്ങളുടെ ത്രിമാന (3D) ദൃശ്യങ്ങൾ നിർമിക്കാനാകുമെന്നും ശാസ്ത്രസംഘം വ്യക്തമാക്കിയിരുന്നു.
ഗ്ലോഫ് അപകടങ്ങളെ മുൻകൂട്ടി കാണുന്നതുൾപ്പെടെ ഹിമാലയൻ മേഖലയിലെ പ്രകൃതിദത്തമായ വെല്ലുവിളികളും കാലാവസ്ഥാ വ്യതിയാനങ്ങളും പഠിക്കാൻ വിപ്ലവകരമായ ഒരു ഭൗമ നിരീക്ഷണ ഉപകരണമായാണ് ശാസ്ത്രലോകം നൈസറിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ സാങ്കേതിക ശേഷികളെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്.
Content Highlights: The 1.3 billion dollar NASA-ISRO NISAR satellite faced criticism for not predicting or providing data on the Nepal flash floods., Scientists explained that NISAR collects raw radar data and does not independently analyze disasters or act as a real-time early warning system yet., Experts emphasize the need for automated systems to detect surface changes in the Himalayas to prevent future disasters.