കുടുംബം 1.16 കോടിയുടെ സബ്‌സിഡി കൈപ്പറ്റി; പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിവാദ നിഴലിൽ

ന്യൂഡൽഹി: സിജെപി പ്രക്ഷോഭത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ കേന്ദ്രസർക്കാർ മാറ്റിയെങ്കിലും പകരമെത്തിയത് വിവാദ നിഴലിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗാങ്‌വാറിനെയാണ് പുതിയ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ, നരേഷ് പാൽ ഗാങ്‌വാറിന്റെ കുടുംബാംഗങ്ങൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പദ്ധതിയിൽ നിന്ന് വൻതുക സബ്‌സിഡിയായി കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുകൾക്കിടെയാണ് ഈ നിയമനം നടന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
1994 ബാച്ച് രാജസ്ഥാൻ കേഡറിലെ ഉദ്യോഗസ്ഥനായ ഗാങ്‌വാറിന്റെ അമ്മ, ഭാര്യ, മകൻ എന്നിവർ ചേർന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1.16 കോടി രൂപ കർഷക സബ്‌സിഡിയായി കൈപ്പറ്റിയെന്നാണ് ആരോപണം. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഹോർട്ടികൾചർ ബോർഡ് (NHB) വഴി വാണിജ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി പ്രകാരമാണ് ഈ തുക അനുവദിച്ചത്. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലുള്ള ഇവരുടെ കുടുംബ കൃഷിയിടത്തിൽ വെള്ളരിക്ക കൃഷി ചെയ്യുന്നതിനായാണ് പ്രധാനമായും സബ്‌സിഡി ലഭിച്ചത് എന്നാണ് ഉയരുന്ന വാദം.
ഗാങ്‌വാറിന്റെ അമ്മ ബിന്ദുമതി 46.03 ലക്ഷം രൂപ 2025 ജനുവരിയിൽ സബ്‌സിഡിയായി കൈപ്പറ്റി. മകൻ കുമാർ ഋത്വിക് 46.49 ലക്ഷം രൂപ 2023 മാർച്ചിലും ഭാര്യ ഡോ. രഞ്ജിത സിംഗ് 24.36 ലക്ഷം രൂപ 2021-22 കാലയളവിലും കൈപ്പറ്റിയെന്നാണ് പുറത്തുവന്ന വിവരങ്ങൾ. എന്നാൽ ഓൾ ഇന്ത്യ സർവീസസ് (കണ്ടക്ട്) റൂൾസ്, 1968-ലെ സെക്ഷൻ 2 (ബി) പ്രകാരം, ഒരു സർക്കാർ ഉദ്യോഗസ്ഥനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കളോ മക്കളോ മാത്രമേ കുടുംബാംഗങ്ങൾ എന്ന നിർവചനത്തിൽ ഉൾപ്പെടുകയുള്ളൂ എന്ന് നരേഷ് പാൽ ഗാങ്‌വാർ ആരോപണം ഉയർന്ന സമയത്ത് ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ അമ്മ ബിന്ദുമതിയും മകൻ കുമാർ ഋത്വിക്കും തന്നെ ആശ്രയിച്ചല്ല കഴിയുന്നതെന്ന് ഗാങ്‌വാർ വ്യക്തമാക്കി. തന്റെ സർവീസ് റെക്കോർഡുകളിലും അവർ തന്നെ ആശ്രയിക്കുന്നവരല്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ചട്ടപ്രകാരം അവർ തന്റെ ആശ്രിതരല്ലാത്തതിനാൽ, അവരുടെ പേരിൽ ലഭിച്ച സബ്സിഡികളുടെ വിവരങ്ങൾ തന്റെ വാർഷിക സ്വത്ത് വിവരങ്ങളിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം 2024-2025 വർഷത്തെ സ്വത്ത് വിവരങ്ങളിൽ തന്റെ ഭാര്യ, അമ്മ, മകൻ, മകൾ എന്നിവരുടെ പേരിലുള്ള കൃഷിഭൂമിയെക്കുറിച്ചും അവിടെ നടപ്പിലാക്കുന്ന വാണിജ്യ കൃഷി പ്രോജക്ടിനെക്കുറിച്ചും നരേഷ് പാൽ ഗാങ്വാർ രേഖപ്പെടുത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയുടെ ഈ പ്രോജക്ട് ബാങ്ക് വായ്പ, നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൽ നിന്നുള്ള 75% സബ്സിഡി, ഉടമസ്ഥരുടെ വിഹിതം (25%) എന്നിവ ഉപയോഗിച്ചാണ് നടത്തുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.
Content Highlights: Naresh Pal Gangwar appointed as new Union Higher Education Secretary., Controversy arises over 1.16 crore INR in farm subsidies received by his family., Subsidies were granted via the National Horticulture Board (NHB) for commercial farming., Gangwar claims family members are not dependents under All India Services Rules, 1968., Gangwar disclosed the farm projects in his 2024-2025 asset declarations.