ലോകം കത്തുമ്പോൾ തുരുതുരെ കരാറൊപ്പിട്ട് മോദി; ഉടമ്പടി യജ്ഞം രാജ്യത്തിന് ഇൻഷുറൻസാകുമോ?

#പി. മുരളീധരന്‍
നരേന്ദ്ര മോദി | Photo: AFP
നരേന്ദ്ര മോദി | Photo: AFP

യുക്രൈൻ സംഘർഷം അനന്തമായി നീളുന്നു. ലോകത്തിലെ ഊർജവ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കാരണം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ അയുക്തികമായ തീരുവകൾ ആഗോള വ്യാപാരത്തിന് മേൽ നീണ്ട നിഴലുകൾ വീഴ്ത്തുന്നു. ഉരുണ്ടുകൂടുന്ന ആഗോള സാമ്പത്തികമാന്ദ്യ സൂചനകൾക്കും മുറിയുന്ന ആഗോള വിതരണ ശൃംഖലകൾക്കുമിടെ തുരുതുരെ സ്വതന്ത്രവ്യാപാര, നയതന്ത്രക്കരാറുകൾ ഒപ്പിടുന്ന തിരക്കിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര, സാമ്പത്തിക സഖ്യ രൂപീകരണയജ്ഞം.

കഴിഞ്ഞ പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ രാജ്യം ഒപ്പിട്ട സാമ്പത്തികക്കരാറുകൾ നോക്കുക; യുണൈറ്റഡ് കിംഗ്ഡവുമായി സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ), ഒമാനുമായി സമഗ്ര സാമ്പത്തികപങ്കാളിത്ത കരാർ, ന്യൂസിലൻഡുമായി വ്യാപാര ഉടമ്പടി. പിന്നെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്ൻ 'എല്ലാ കരാറുകളുടെയും മാതാവ്' എന്ന് വിശേഷിപ്പിച്ച ഇന്ത്യ-ഇ.യു. സ്വതന്ത്ര വ്യാപാരക്കരാറും. ലോകത്തിലെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള ഈ കരാർ 2026 ജനുവരിയിലാണ് ഒപ്പുവെച്ചത്.

ഇന്ത്യ ഇന്ന് ഒൻപത് കരാറുകൾ മുഖേന 38 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടാക്കിയിരിക്കുന്നു. ഒരു ദശാബ്ദം മുമ്പ് ഈ സാഹചര്യം സങ്കൽപ്പിക്കാൻ ആകുമായിരുന്നില്ല. ഇപ്പോൾ ഇറ്റലിയിലാണ് പ്രധാനമന്ത്രി. മെയ് പതിനഞ്ചിനാരംഭിച്ച പഞ്ചരാഷ്ട്ര പര്യടനത്തിലെ അവസാന സ്റ്റോപ്പാണ് റോം. യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി- ആറ് ദിവസം കൊണ്ട് അഞ്ച് രാജ്യങ്ങൾ. ആഗോള അരക്ഷിതത്വത്തിന്റെ കാലാവസ്ഥയെ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാനുള്ള വ്യഗ്രതയും ദീർഘകാല ആസൂത്രണവും ഈ നടപടികളിൽ വ്യക്തമാണ്.

ഹോർമുസിൽ കുടുങ്ങിയ ലോകം

എൺപത്തഞ്ചു ശതമാനത്തോളം ഊർജം ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഊർജ ഉപഭോക്തൃരാജ്യമായ ഇന്ത്യയ്ക്ക് നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഒട്ടും സുഖകരമല്ല. രാജ്യത്തിനാവശ്യമായ എണ്ണയുടെയും പാചകവാതകത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഭാഗികമായി തടസപ്പെട്ടതു കാരണം ക്രൂഡ് ഓയിലിന്റെയും പാചകവാതകത്തിന്റെയും രാസവളത്തിന്റെയും വിലകൾ കുത്തനെ ഉയർന്നിരിക്കുന്നു.

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിനുമേൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നതാണ് ഇറക്കുമതിക്ക് ആവശ്യമായി വരുന്ന ഭീമമായ അധികച്ചിലവ്. ഇതു കണക്കിലെടുത്താണ് എണ്ണ, രാസവളം ഉപയോഗം കുറയ്ക്കാനും ഒരു വർഷത്തേക്ക് സ്വർണം വാങ്ങാതിരിക്കാനും മോദി ആഹ്വാനം ചെയ്തത്. പിന്നാലെ എണ്ണയ്ക്ക് വില കൂട്ടേണ്ടിയും വന്നു. എന്നിട്ടും ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ദിവസം 750 കോടി രൂപ നഷ്ടമുണ്ടാവുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിർത്തുകയാണെങ്കിലും ആഗോളസാഹചര്യങ്ങൾ കാരണം രാജ്യത്തിന്റെ പ്രതീക്ഷിത വളർച്ചാനിരക്ക് പ്രമുഖ റേറ്റിംഗ് ഏജൻസികൾ കുറച്ചിട്ടുണ്ട്. മൂഡീസ് 0.8 ശതമാനം കുറച്ച് ആറാക്കി. ലോകബാങ്ക് 7.2 ശതമാനത്തിൽ നിന്ന് 6.6, 6.9 ഉം സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് 7 ശതമാനത്തിൽ നിന്നും 6.4 ഉം.

സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദി വർഷമായ 2047-ൽ വികസിതരാജ്യമാകാൻ പദ്ധതിയിടുന്ന രാജ്യത്തിന് ഉൽക്കണ്ഠയുടെ മാസങ്ങളാണ് ഇപ്പോൾ. വരുന്നിടത്തു കാണാം എന്ന സമീപനമല്ല, പ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ട് നിർധാരണം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. വിദേശമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ നയതന്ത്രമികവും അജിത് ഡോവലിന്റെ കൂർമബുദ്ധിയും മോദിയുടെ പ്രായോഗിക സമീപനവും ഈ കരാറുകളിൽ ദർശിക്കാമെന്ന് വിദേശകാര്യ നിരീക്ഷകർ പറയുന്നു. ഇന്ത്യയുടെ ആരോഗ്യത്തോടെയുള്ള നിലനിൽപ്പിന് മികച്ച സഖ്യങ്ങളും വിഭവങ്ങളും വിപണികളും ഉൽപാദന ശേഷിയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വിതരണശൃംഖലകളും ഉണ്ടായേ തീരൂ. അതിന് മികച്ച പങ്കാളികളെയും സഖ്യങ്ങളെയും അതിവേഗം സ്വരുക്കൂട്ടുന്ന തിരക്കിലാണ് കേന്ദ്രം.

ഓയിൽ ഷോക്കടിക്കാതിരിക്കാൻ

മേയ് 15-ന് മോദി അബുദാബിയിൽ ഒപ്പിട്ട കരാറുകൾ നോക്കിയാൽ രാജ്യം നേരിടുന്ന വെല്ലുവിളികളുടെ ഗൗരവം ബോധ്യമാവും. അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷനുമായി (അഡ്നോക്) ഒപ്പിട്ട തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിനുള്ള കരാർ ഇന്ത്യയുടെ കരുതൽ സംഭരണശേഷി 30 മില്യൺ ബാരൽ വർധിപ്പിക്കാനുദ്ദേശിക്കുന്നു. എൽഎൻജി, പിഎൻജി എന്നിവയുടെ വിതരണം ഉറപ്പാക്കാൻ ദീർഘകാലകരാറുകൾ, തന്ത്രപരമായ പ്രതിരോധസഹകരണത്തിൽ പങ്കാളിത്തം, ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയിലും മറ്റും 500 കോടി ഡോളറിന്റെ നിക്ഷേപം എന്നിങ്ങനെ വിപുലമായ മാനങ്ങളുള്ള കരാറുകൾ.

പ്രധാനമന്ത്രിയുടെ യുഎഇയുടെ സന്ദർശനത്തിന്റെ അടിത്തറ 2025 ഫെബ്രുവരിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അഡ്നോക് ഗ്യാസുമായി ഒപ്പിട്ട ഏഴു മുതൽ ഒൻപതു ബില്യൺ ഡോളർ വരെ മതിപ്പുള്ള എൽഎൻജി ഇറക്കുമതി കരാറാണ്. 2026 മുതൽ പ്രതിവർഷം 1.2 മില്യൺ ടൺ. ഇതിനുപുറമേ, ഭാരത് പെട്രോളിയം കോർപ്പറേഷൻ പ്രതിവർഷം 2.4 മില്യൻ ടൺ എൽഎൻജി ലഭ്യമാക്കുന്ന അഞ്ചുവർഷ കരാറിലും ഒപ്പിട്ടു. ദീർഘകാല ഊർജസുരക്ഷയ്ക്കായി ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത ഈ കരാറുകൾ പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ആഘാതത്തെ വലിയ കേടുപാടില്ലാതെ മറികടക്കാൻ രാജ്യത്തെ സഹായിച്ചേക്കും.

43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത്. നോർവേ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ ഭീമൻ എക്വിനോറിനെ ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം കരുതൽശേഖരത്തിൽ പങ്കാളിയാക്കാനും ദീർഘകാലത്തേക്ക് എൽഎൻജി വിതരണം ഉറപ്പ് വരുത്താനും ചർച്ചകൾ നടക്കുകയാണ്. ഇവ പൂർത്തിയായാൽ അഡ്നോക്കിനുശേഷം ഇന്ത്യ സമ്പാദിക്കുന്ന രണ്ടാമത്തെ കരുതൽ എണ്ണശേഖര പങ്കാളിയാവും എക്വിനോർ. ഓസ്ലോയിൽ മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് വഴിതുറന്ന സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി ഫിന്നിഷ് പ്രധാനമന്ത്രി പെറ്ററി ഓർപോയുമായും കൂടിക്കാഴ്ച നടത്തി.

ലോകത്തെ ഏറ്റവും ആധുനികമായ അർധചാലകത്തിന്റെ ഉൽപാദനത്തിന് അനിവാര്യമായ എക്സ്ട്രീം അൾട്രാ വയലറ്റ് ലിത്തോഗ്രഫി യന്ത്രങ്ങൾ നിർമ്മിക്കുന്ന ഒരേ ഒരു കമ്പനിയായ എഎസ്എംഎൽ നെതർലൻഡ്സിലാണ്. ഇവിടെ നടന്ന ചർച്ചകളിൽ സെമി കണ്ടക്ടർ, ഹരിത ഹൈഡ്രജൻ, ഇന്നൊവേഷൻ, ജല മാനേജ്മെന്റ്, പ്രതിരോധ നിർമാണം എന്നിവ ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിൽ 27.8 ബില്യൺ ഡോളർ ഉഭയകക്ഷി വ്യാപാരമുണ്ട്. ഇന്ത്യയിലെ വിദേശനിക്ഷേപകാര്യത്തിൽ നാലാം സ്ഥാനമുണ്ട് നെതർലൻഡ്സിന്. അമേരിക്കയും ചൈനയും തമ്മിലുള്ള ചിപ്പ് യുദ്ധം തായ്വാൻ-കേന്ദ്രിത വിതരണ ശൃംഖലകളെ തകരാറിലാക്കുമ്പോൾ ഒരു ബദൽ സെമികണ്ടക്ടർ നിർമ്മാണകേന്ദ്രമായി സ്വയം അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.

നിർമിതബുദ്ധിയും കാലാവസ്ഥാവ്യതിയാനവും

കാലാവസ്ഥാവ്യതിയാനം ലോകമാകെ, പ്രത്യേകിച്ച് യൂറോപ്പിൽ ഉത്കണ്ഠയാകുന്ന കാലത്ത് ഈ സന്ദർശനത്തിലും അത് പ്രധാന വിഷയമായി. യൂറോപ്യൻ വിപണികളിൽ പ്രവേശനം സാധ്യമാകണമെങ്കിൽ പരിസിഥിതി കാര്യങ്ങളിൽ വിശ്വാസയോഗ്യമായ പ്രതിബദ്ധത ഉണ്ടാവണമെന്ന് കേന്ദ്രസർക്കാർ മനസ്സിലാക്കുന്നുണ്ട്. വലിയ തോതിൽ ഫോസിൽ ഫ്യുവൽ ഉപയോഗിക്കുന്നതുവഴി ഗണ്യമായ ഹരിതവാതക നിർഗമനത്തിന് വഴിവെച്ച് നിർമിക്കപ്പെടുന്ന (കാർബൺ ഇന്റെൻസീവ്) ഉരുക്കും സിമെന്റും പോലുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയന്റെ കാർബൺ ബോർഡർ അഡ്ജസ്റ്റ്മെന്റ് മെക്കനിസം പിഴ ചുമത്തുന്ന കാലമാണിത്.

സ്വീഡൻ നിർമിതബുദ്ധിക്കും നവീന സാങ്കേതികവിദ്യകൾക്കും പുറമേ, ഹരിത പരിവർത്തനവും ചർച്ച ചെയ്തപ്പോൾ നോർവേ, ബ്ലൂ ഇക്കോണമിക്കും ആർട്ടിക് സഹകരണത്തിനും വാതിൽ തുറന്നു. ഇറ്റലിയിൽ നടക്കുന്ന ചർച്ചകൾ പ്രധാനമായും പ്രതിരോധ സഹകരണം, ഉൽപദനപങ്കാളിത്തം, ശുദ്ധഊർജം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (ഐമെക്, ഇന്ത്യയിൽ നിന്നും മധ്യേഷ്യ വഴി യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴി) എന്നിവ സംബന്ധിച്ചാവും. ഐമെക് പ്രവർത്തനക്ഷമമായാൽ ശത്രുക്കൾ ചെറുക്കുമെന്ന് ഭയക്കാതെ യൂറോപ്യൻ വിപണികളിലേക്ക് കരമാർഗ്ഗവും കടൽമാർഗ്ഗവും അനായാസമെത്താനാവും.

ഇന്ത്യയുടെ ഉടമ്പടി വേട്ട

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള, ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഉടമ്പടി-സഖ്യ വേട്ടയ്ക്കിറങ്ങിയത് രാജ്യതാൽപര്യ സംരക്ഷണത്തിന് സാധ്യമായ ഏറ്റവും നല്ല വഴിയെന്ന ബോധ്യം കൊണ്ടാവണം. ചൈനയെ പൂട്ടാൻ അമേരിക്ക മുൻകൈയെടുത്ത് രൂപീകരിച്ച ക്വാഡിലും ഫലത്തിൽ യുഎസ് വിരുദ്ധ ചേരിയായി മാറിയ ബ്രിക്സിലും (ഈ കൂട്ടായ്മയിൽ റഷ്യയും ചൈനയും ബ്രസീലും ഇറാനും യുഎഇയുമുണ്ട്!) ചൈനയ്ക്ക് മേൽക്കൈയുള്ള എസ്സിഒയിലും ഇന്ത്യ അംഗമാണ്. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന കാലത്തും ഇറാനും ഇസ്രയേലും അമേരിക്കയും ഇന്ത്യയെക്കുറിച്ച് പറയുന്നത് നല്ല വാക്കുകൾ മാത്രം.

ഒരു രാജ്യത്തെ, കൂട്ടായ്മയെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാൻ ഇന്നത്തെ കാലത്ത് സാധ്യമല്ല എന്ന തിരിച്ചറിവ് ഇന്ത്യയുടെ നീക്കങ്ങളിൽ കാണാം. സാധ്യമാവുന്ന എല്ലാവരുമായും സൗഹൃദം. അതാണ് മാർഗം. ഈ കരാറുകളിലൂടെ ലോകത്തെ ഏറ്റവും വലിയ ശക്തികളായ അമേരിക്കയെയും ചൈനയെയും പൂർണമായി വിശ്വസിക്കാൻ കഴിയാത്ത കാലത്ത് ഭാവിക്കുള്ള ഇൻഷുറൻസ് എടുക്കുകയാണ് ഇന്ത്യ എന്നു പറയാം. യുഎഇയും നോർവേയുമായുള്ള ഊർജ കരാറുകൾ ഏറ്റവും അടിയന്തരമായ പ്രശ്നം പരിഹരിക്കുമ്പോൾ ഇ.യു.വുമായുള്ള എഫ്ടിഎ യൂറോപ്പിലേക്ക് ഒരു രക്ഷാമാർഗം നീട്ടുന്നു. 2030-കളിലെ സാങ്കേതിക സമ്പദ്വ്യവസ്ഥക്ക് ഇന്ത്യയെ ഒരുക്കുന്നതാണ് നെതർലൻഡ്സും സ്വീഡനുമായുള്ള സെമികണ്ടക്ടർ, എഐ ചർച്ചകൾ.

കരാർ ഒപ്പിട്ടാൽ എല്ലാമായോ എന്ന ചോദ്യമുണ്ട്. ഒപ്പിടുന്നതിനേക്കാൾ ദുഷ്‌കരം നടത്തിപ്പാണ്. അനിശ്ചിതത്വം നിറഞ്ഞ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഏതു തീരുമാനത്തിലും ചൂതാട്ടത്തിന്റെ ഒരു ഘടകമുണ്ട്, അതിന്റെ പേരിൽ നിഷ്‌ക്രിയമായി ഇരിക്കാനാവില്ല. ഒന്നും ചെയ്യാത്തവർക്ക് ഒന്നും നഷ്ടപ്പെടില്ല, പക്ഷേ, ഒന്നും കിട്ടുകയുമില്ല. നയതന്ത്രത്തെ ബിസിനസുമായി ബന്ധിപ്പിച്ചു കഴിഞ്ഞ ഇന്ത്യയുടെ ചടുലനീക്കങ്ങൾ ലോകം ഉറ്റുനോക്കുകയാണ്.

Content Highlights: Strategic expansion of Free Trade Agreements (FTAs) with major global economies. Mitigating energy risks through long-term LNG and petroleum reserve partnerships with UAE and Norway. Positioning India as a global semiconductor hub amid US-China trade tensions. Proactive economic planning to achieve developed nation status by 2047. Leveraging the IMEC corridor to bypass geopolitical supply chain disruptions.