ഡീസലിന് 50 രൂപ കൂട്ടേണ്ടതായിരുന്നു, കർഷകർക്ക് വേണ്ടി കേന്ദ്രം 43 രൂപ നഷ്ടം സഹിക്കുകയായിരുന്നു- മോദി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നപ്പോഴും രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി ഡീസൽ വിലവർദ്ധനയുടെ ഭൂരിഭാഗവും സർക്കാർ തന്നെ വഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലിറ്ററിന് 50 രൂപയെങ്കിലും വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും 7 രൂപ മാത്രമാണ് കൂട്ടിയത്. ശേഷിക്കുന്ന 43 രൂപ കേന്ദ്ര സർക്കാർ വഹിക്കുകയായിരുന്നു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യാടുഡേയുടെ കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ സംഘർഷ അന്തരീക്ഷത്തിൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില ഏതാനും ആഴ്ചകൾക്കുള്ളിൽ ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറിലേക്ക് ഉയർന്നു. അയൽരാജ്യങ്ങളിൽ ഇക്കാലയളവിൽ 40 മുതൽ 50 ശതമാനം വരെ ഡീസൽ വില വർദ്ധിച്ചപ്പോൾ ഇന്ത്യയിൽ ജനങ്ങൾക്ക് അധിക ഭാരമുണ്ടാകാത്ത രീതിയിൽ വില നിയന്ത്രിച്ചുനിർത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ധനവില വർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെയും കർഷകരെയും കാത്തുസൂക്ഷിക്കാൻ പ്രതിമാസം 14,000 കോടി രൂപയുടെ സാമ്പത്തിക ഭാരമാണ് സർക്കാർ വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തിനിടെ കർഷകർക്ക് മിതമായ നിരക്കിൽ വളം ലഭ്യമാക്കാൻ 16 ലക്ഷം കോടി രൂപ സർക്കാർ ചെലവഴിച്ചു. അന്താരാഷ്ട്ര വിപണിയിൽ 5,000 രൂപ വരുന്ന ഒരു ബാഗ് ഡി.എ.പി (DAP) ഇന്ത്യയിലെ കർഷകർക്ക് 1,300 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. അതുപോലെ അന്താരാഷ്ട്ര വിപണിയിൽ 3,000 രൂപയോളം വിലയുള്ള ഒരു ബാഗ് യൂറിയ ഇന്ത്യയിൽ 300 രൂപയിൽ താഴെ നിരക്കിലും നൽകിവരുന്നു. കർഷകരുടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും ആഗോള വിപണിയിലെ പ്രതിസന്ധികളിൽ നിന്ന് കൃഷിമേഖലയെ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Narendra Modi explains how the government absorbed most of the diesel price hike to protect farmers and citizens amid the global crisis.