ചോറിൽ പാറ്റ, കോഴിത്തൂവൽ, അടുക്കളയിൽ എലികൾ; മൈസൂരുവിൽ വിദ്യാർഥികൾക്ക് കൊടുക്കുന്നത് മോശം ഭക്ഷണം

മൈസൂരു: നഗരത്തിലെ വിവിധ കോളേജുകളിലെ ഹോസ്റ്റലുകളിലേക്ക് ഭക്ഷണം പാകംചെയ്യുന്നത് വൃത്തിഹീനമായ അടുക്കളയിൽ. മൈസൂരുവിലെ ഗ്ലോബൽ എജ്യൂക്കേഷൻ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള കോമൺ കിച്ചണിൽ വിദ്യാർഥികൾ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടത്.
പാത്രങ്ങൾ വൃത്തിയാക്കാൻ ചെളിവെള്ളവും ക്ലോസറ്റിന് സമീപം ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചനിലയിലും കണ്ടെത്തി. അടുക്കളയിൽ ഭക്ഷണം സൂക്ഷിച്ചയിടത്ത് എലികളും പാറ്റകളും ഉണ്ടായിരുന്നു. പച്ചക്കറികളും ഇറച്ചിയും സൂക്ഷിച്ച സ്ഥലവും വൃത്തിഹീനമാണ്. ഇറച്ചിയിൽനിന്നുള്ള ചോര തളംകെട്ടി നിൽക്കുന്ന ഫ്രീസറിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
മൈസൂരുവിലെ ഏഴോളം നഴ്‌സിങ് കോളേജുകളിലേക്കാണ് ഗ്ലോബൽ ഏജൻസി ഭക്ഷണം വിതരണംചെയ്യുന്നതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ചപ്പാത്തിയിൽ പാറ്റയും പ്ലാസ്റ്റിക്കും കോഴിക്കറിയിൽ കോഴിത്തൂവലും ചോരയും ഉൾപ്പെടെ കിട്ടിയതായും ഇവർ പറയുന്നു. മെസ് ഫീസായി വർഷം 80,000 രൂപ വരെയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത്. എന്നാൽ, പല വിദ്യാർഥികൾക്കും പലതവണ ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടു. ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്ന ഭീഷണിയടക്കം നേരിടേണ്ടിവരുന്നതായും വിദ്യാർഥികൾ പറയുന്നുണ്ട്.
അതേസമയം, സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ കെ.സി. വേണുഗോപാൽ എം.പി. ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു. ഇത്തരം മെസ്സുകളിലും അടുക്കളകളിലും പരിശോധന നടത്തി നടപടി സ്വീകരിക്കാൻ കർണാടക ആരോഗ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Shocking discovery of unhygienic kitchen conditions in Global Education Society hostels., Evidence of pest infestation and improper food storage practices., Reports of food poisoning and threats against students raising complaints., MP K.C. Venugopal demands immediate investigation by the Karnataka Health Minister.