സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് പരാതി: മിന്ത്രയുടെ ലോഗോ മാറ്റി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര ബ്രാന്‍ഡിന്റെ ലോഗോയില്‍ മാറ്റം വരുത്തി. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടര്‍ന്നാണ് മിന്ത്രയുടെ തീരുമാനം.
ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായി യോഗം വിളിച്ചിരുന്നുവെന്നും ലോഗോ മാറ്റാന്‍ കമ്പനി സമ്മതം അറിയിച്ചുവെന്നും മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ അറിയിച്ചു.
നിലവില്‍ വെബ്‌സൈറ്റ് ലോഗോയില്‍ കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പ്, പാക്കിങ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേയും ലോഗോയില്‍ ഉടന്‍ മാറ്റംവരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
content highlights: Myntra changes logo after complaint that it was 'offensive to women'
Content Highlights: