വഖഫ് നിയമം: നിയമപോരാട്ടം കടുപ്പിക്കാൻ ലീഗ്‌; കപിൽ സിബൽ-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച്ച തിങ്കളാഴ്ച

പി.കെ. കുഞ്ഞാലിക്കുട്ടി
പി.കെ. കുഞ്ഞാലിക്കുട്ടി

ന്യൂഡെൽഹി: വഖഫ് നിയമഭേദഗതിക്ക് എതിരായ നിയമപോരാട്ടം കടുപ്പിക്കാൻ മുസ്ലിം ലീഗ് തീരുമാനം. തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി പി.കെ. കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച്ച നടത്തും. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാനും മുസ്ലിം ലീഗ് തീരുമാനിച്ചു.

പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ല് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ അഞ്ച് എംപിമാർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ശനിയാഴ്ച കത്ത് നൽകിയിരുന്നു. ഈ ആവശ്യം അവഗണിച്ചാണ് രാഷ്‌ട്രപതി മുർമു ഇന്നലെ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നൽകിയത്. തൊട്ടുപിന്നാലെ കേന്ദ്ര നിയമ മന്ത്രാലയം വഖഫ് ഭേദഗതി നിയമമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയിൽ ചോദ്യംചെയ്യാൻ മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചിരുന്നു. കപിൽ സിബലിൽനിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗിന്റെ രാജ്യസഭാംഗവും പ്രമുഖ അഭിഭാഷകനുമായ ഹാരിസ് ബീരാൻ സുപ്രീം കോടതിയിൽ ഫയൽചെയ്യേണ്ട ഹർജിയുടെ രൂപം തയ്യാറാക്കിയിരുന്നു. തിങ്കളാഴ്ച നടക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി-കപിൽ സിബൽ കൂടിക്കാഴ്ചയിൽ മുസ്ലിം ലീഗിന്റെ എംപിമാരും പങ്കെടുക്കും.

Content Highlights: Muslim League intensifies legal battle against the Wakf amendment, meeting with Kapil Sibal