പ്രായം തടസമല്ല; ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിയ്ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാമെന്ന് കോടതി

ചണ്ഡീഗഡ്: മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഋതുമതിയായ പെൺകുട്ടിക്ക് പ്രായം 18 ൽ താഴെയാണെങ്കിലും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാണ ഹൈക്കോടതി. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി പ്രസ്താവം.
താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേര്‍പ്പെടാന്‍ ഋതുമതിയായ പെണ്‍കുട്ടിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുഹമ്മദീയന്‍ നിയമതത്വങ്ങള്‍(Principles of Mohammedan Law)എന്ന പുസ്തകത്തിലെ 195-ാം വകുപ്പ് പരാമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി.
സ്ഥിരബുദ്ധിയില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വിവാഹക്കരാറിലേര്‍പ്പെടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായവരുടെ പൂര്‍ണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195-ാം വകുപ്പില്‍ പറയുന്നു. ഋതുമതിയായതായുള്ള തെളിവുകളുടെ അഭാവത്തില്‍ 15 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതായി കണക്കാക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു.
2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം പ്രസ്താവിച്ചത്. ബന്ധുക്കളുടെ എതിര്‍പ്പില്‍ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാര്‍ കോടതിയെ സമീപിച്ചത്. മുസ്ലിം നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്തിയ്ക്ക് പ്രായപൂര്‍ത്തിയായതായി കണക്കാക്കാമെന്നും പെണ്‍കുട്ടിക്കോ ആണ്‍കുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടല്‍ കൂടതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയില്‍ പെടുന്നതാണെന്നും കുടുംബാംഗങ്ങള്‍ക്ക് വിവാഹത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കുടുംബാംഗങ്ങളുടെ എതിര്‍പ്പുള്ളതു കൊണ്ടു മാത്രം ദമ്പതിമാര്‍ക്ക് നിയമം ഉറപ്പു നല്‍കുന്ന മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
Content Highlights: Muslim Girl Can Marry Anyone on Attaining Puberty
Content Highlights: