വഖഫ് ഭേദഗതി: മുർഷിദാബാദിൽ 3 പേർ കൊല്ലപ്പെട്ടു, കൽക്കട്ട ഹൈക്കോടതിയിൽ പ്രത്യേക വാദം

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം അക്രമാസക്തമാകുകയും ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജാഫ്രാബാദിൽ വീട്ടിൽ കയറി ആക്രമികൾ അച്ഛനെയും മകനെയും കൊലപ്പെടുത്തിയതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഹർഗോവിന്ദ ദാസ്, ചന്ദൻ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമികൾ വീട് വളഞ്ഞ് അതിക്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മുർഷിദാബാദിൽ അക്രമത്തിനിടയിൽ വെടിയേറ്റതിനെ തുടർന്ന് പരിക്കേറ്റ യുവാവും ശനിയാഴ്ച മരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 138 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിംതിത, ഷംഷേർഗഞ്ച്, ജംഗിപുർ, ജാഫ്രാബാദ് പ്രദേശങ്ങളിൽ സംഘർഷം തുടരുന്നുണ്ടെങ്കിലും റെയിൽവേ പോലീസ് സേനയും (ആർപിഎഫ്) അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) സംഘർഷ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
അക്രമം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജംഗിപുരിൽ വെള്ളിയാഴ്ച മുതൽ അക്രമാന്തരീക്ഷം നിലനിൽക്കുന്നതായും വർഗീയ കലാപം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും ഡിജിപി രാജീവ് കുമാർ പറഞ്ഞു. ഒരു തരത്തിലുള്ള ഗുണ്ടായിസവും വെച്ചുപൊറുപ്പിക്കില്ലെന്നും മനുഷ്യജീവൻ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമാന്തരീക്ഷം കണക്കിലെടുത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച ഹർജിയിൽ കൽക്കട്ട ഹൈക്കോടതിയിൽ പ്രത്യേക വാദം കേൾക്കൽ പുരോഗമിക്കുകയാണ്. ഡിജിപി രാജീവ് കുമാർ ശനിയാഴ്ച വൈകുന്നേരം ഷംഷേർഗഞ്ച് സന്ദർശിക്കുമെന്ന് സംസ്ഥാന സർക്കാർ കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, പശ്ചിമ ബംഗാൾ സർക്കാർ വഖഫ് ഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു.
Content Highlights: Three killed in Murshidabad, West Bengal, amid protests against the Waqf Amendment Act.