‘വിദ്യാർഥികളുടെ ആശങ്കകൾ ന്യായം, പ്രക്ഷോഭത്തെ അടിച്ചമർത്തരുത്’; പോലീസ് നടപടിക്കെതിരേ മുരളി മനോഹർ ജോഷി

#ന്യൂസ് ഡെസ്ക്
പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം/ മുരളി മനോഹർ ജോഷി | Photo: Photo by Sajjad HUSSAIN / AFP and PTI
പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം/ മുരളി മനോഹർ ജോഷി | Photo: Photo by Sajjad HUSSAIN / AFP and PTI

ന്യൂഡൽഹി: പരീക്ഷാ സംവിധാനത്തിലെ അപാകതകൾക്കെതിരെ ഡൽഹിയിൽ സമരംചെയ്യുന്ന വിദ്യാർഥികളുടെ ആശങ്കകൾ ന്യായമാണെന്നും അവ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്നും ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ദിവസങ്ങളായി ഡൽഹിയിലെ തെരുവുകളിൽ കഴിയുന്നത് വേദനാജനകമാണെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

പരീക്ഷാ രീതികളിലെ അപാകതകൾ പരിഹരിക്കാൻ ശാശ്വതമായ ഒരു മാർഗമാണ് കണ്ടെത്തേണ്ടതെന്നും വിദ്യാർഥി സമരത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ട് ബലം പ്രയോഗിച്ച് അടിച്ചമർത്തരുതെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. സമരസ്ഥലത്ത് പെൺകുട്ടികളെപ്പോലും ക്രൂരമായി കൈകാര്യം ചെയ്യുന്നത് കാണുന്നത് ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം ബലപ്രയോഗങ്ങൾ 'വികസിത ഭാരതം' എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്നും ജോഷി മുന്നറിയിപ്പ് നൽകി.