അനാസ്ഥയുടെ മരണക്കുഴി: ബാരിക്കേഡില്ല, മുന്നറിയിപ്പ് ബോർഡില്ല; മാൻഹോളിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മുംബൈ: സാക്കിനാക്കയിൽ മാൻഹോളിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. അസ്ലം ഷെയ്ഖ് (45) ആണ് മരിച്ചത്. നഗരത്തിലെ മൺസൂൺ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചയാണ് അപകടത്തിന് കാരണമായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുംബൈ മേയർ റിതു താവ്‌ഡെയുടെ സാന്നിധ്യത്തിൽ ഒരു ഉദ്യോഗസ്ഥൻ മാൻഹോളിൽ വീണ സംഭവത്തിന് പിന്നാലെയാണ് ഈ ദാരുണസംഭവം
വ്യാഴാഴ്ച രാവിലെ 10.45-ഓടെയാണ് സംഭവം നടന്നത്. 30 അടി ആഴമുള്ള മാൻഹോൾ, അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ടിരിക്കുകയായിരുന്നു. അസ്ലം ഷെയ്ഖ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുമ്പോഴാണ് അബദ്ധത്തിൽ തുറന്നുകിടന്ന മാൻഹോളിൽ വീണതെന്ന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അഗ്നിശമന വിഭാഗം അറിയിച്ചു. സമീപമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ ഏണി താഴ്ത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ കുടയും ചെരുപ്പും മാത്രമാണ് വീണ്ടെടുക്കാൻ സാധിച്ചത്.
ശക്തമായ മഴയെത്തുടർന്ന് ഡ്രെയിനേജിനുള്ളിലെ കുത്തൊഴുക്കിൽ പെട്ട് അസ്ലം ഒലിച്ചുപോയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പോലീസ്, അഗ്നിശമന സേന, മറ്റ് എമർജൻസി റെസ്‌പോണ്ടർമാർ എന്നിവർ ചേർന്ന് മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ ഡ്രെയിനേജ് ശൃംഖലയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഉച്ചയ്ക്ക് 2.15-ഓടെയാണ് മൃതദേഹം പുറത്തെടുക്കാനായത്.
ബിഎംസി കരാറുകാരൻ ആവശ്യമായ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്ഥാപിക്കാതെ മാൻഹോൾ തുറന്നിട്ടതാണ് ഈ അപകടത്തിന് പ്രധാന കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കനത്ത മഴയുള്ളപ്പോൾ ഇത്തരം സുരക്ഷാ മുൻകരുതലുകളില്ലാതെ അറ്റകുറ്റപ്പണികൾ നടത്തിയത് ഗുരുതരമായ അനാസ്ഥയാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ശിവസേന (യുബിടി) നേതാക്കളായ ശ്രദ്ധ ജാദവും കിശോരി പെഡ്‌നേക്കറും സംഭവസ്ഥലം സന്ദർശിക്കുകയും നഗരസഭയുടെയും മേയറുടെയും അനാസ്ഥയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
സംഭവത്തിൽ മേയർ റിതു താവ്‌ഡെ അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റക്കാരായ കരാറുകാരനെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, മുംബൈയിലും പരിസര പ്രദേശങ്ങളിലും മഴ അതിശക്തമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 200 മില്ലീമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് മുംബൈ, താനെ, റായ്ഗഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
Content Highlights: A 45-year-old labourer died after falling into an uncovered manhole in Mumbai's Sakinaka.