സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവർക്കുനേരേ മലയാളി വെടിവെച്ചു, ഒരാൾ മരിച്ചു

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

മുംബൈ: താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് മലയാളി മൂന്നുപേർക്ക് നേരേ വെടിയുതിർത്തു. താനെ ജില്ലയിലെ മുംബ്രയിലെ കൈലാസ് നഗറിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വെടിയേറ്റ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ മുംബ്രയിൽ താമസിക്കുന്ന ജയൻ ശിവാനന്ദൻ നായരെ (51) പോലീസ് അറസ്റ്റുചെയ്തു.

അബ്ദുൾ ഷെയ്ഖ് (45), അക്ബർ അഹമ്മദ് (29), സമീർ ഷെയ്ഖ് (32) എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അഹ്‌മദ് മരിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. സുമന്തായി ഹിന്ദി സ്കൂളിന് പിന്നിലുള്ള ബിസ്മള്ള ചാളിനുള്ളിലാണ് (കോളനി) സംഭവമെന്ന് മുംബ്ര സീനിയർ ഇൻസ്പെക്ടർ അനിൽ ഷിന്ദേ പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.

പ്രതിയും ഇയാൾ സഹോദരിയായി കരുതിയിരുന്ന സ്ത്രീയും ഇതേപ്രദേശത്താണ് താമസം. ഇവർ കടന്നുപോകുമ്പോഴെല്ലാം ഈ സംഘം ശല്യപ്പെടുത്തിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച വീണ്ടും കളിയാക്കിയപ്പോൾ ജയൻ ശിവാനന്ദൻനായർ തോക്കെടുത്ത് വന്നു. വാക്‌തർക്കം മൂത്തതോടെ വെടിവെച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും തൊഴിലാളിയായി ജോലിചെയ്യുകയാണെന്നുമാണ് വിവരം. ഇയാൾക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് താമസക്കാരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി. സംഭവം സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

Content Highlights: Fatal shooting in Mumbra, Thane district, involving a local worker., The suspect claimed the victims were harassing a woman he considered his sister., One fatality confirmed (Akbar Ahmed) and two others injured., Police recovered the weapon and arrested the suspect at the scene., CCTV evidence confirms the incident occurred at Bismillah Chawl.