മുംബൈയിൽ കനത്ത മഴ; 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

#ന്യൂസ് ഡെസ്ക്
മുംബൈ അന്ധേരി വെസ്റ്റ് മേഖലയിൽ, ശക്തമായ കാലവർഷത്തെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ | PTI Photo
മുംബൈ അന്ധേരി വെസ്റ്റ് മേഖലയിൽ, ശക്തമായ കാലവർഷത്തെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ | PTI Photo

മുംബൈ: കാലവർഷക്കെടുതിയെത്തുടർന്ന് മുംബൈയിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിലാണ് മരണം. ജനജീവിതം ഗുരുതരമായി ബാധിച്ചതിനാൽ മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായതോടെ പുണെ-മുംബൈ റെയിൽ-റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

മുംബൈയിലെ സാകീ നാകായിൽ തുറന്നികിടന്ന മാൻഹോളിൽ വീണ് ഒരാൾ മരിച്ചു. കുർളയിൽ മരം വീണ് റോഡരികിൽ കട തകർന്നും ഒരാൾ മരിച്ചു. ചേമ്പൂരിൽ സ്‌കൂൾ ബസിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് 11 വയസുകാരൻ മരിച്ചു. ഖാർഘറിലെ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിൽ വിലക്ക് ലംഘിച്ചിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മീര റോഡ്-ഭയന്ദറിൽ തെങ്ങ് വീണും ഒരാൾ മരിച്ചു.

ലോഹഗഡ് കോട്ടയ്ക്ക് സമീപത്തെ പട്ടൻ ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ ഒരു കുംടുബം കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താൻ ദുരിതനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം പുണെ-മുംബൈ എക്സ്പ്രസ് വേയും ദേശീയപാതയും അടച്ചു. മുംബൈ, പാൽഘ, റായ്ഗഡ്, പുണെ എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: 10 fatalities reported due to monsoon-related incidents in Mumbai., Educational institutions closed across affected cities., Major transport disruptions on Pune-Mumbai expressways and rail routes., Red alert issued for Mumbai, Palghar, Raigad, and Pune districts., Rescue operations underway for families trapped in landslides.