എല്ലാം പ്രതിശ്രുത വധുവിനുമുന്നിൽ ആളാകാൻ; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വ്യാജ ഐഡിയുമായി പിടിയിലായതിൽ വൻ ട്വിസ്റ്റ്

#ന്യൂസ് ഡെസ്ക്
രോഹന്‍ പരീഖ് പോലീസ് കസ്റ്റഡിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:ANI,PTI
രോഹന്‍ പരീഖ് പോലീസ് കസ്റ്റഡിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:ANI,PTI

മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് മുമ്പായി 24-കാരനായ യുവാവിനെയും തോക്കുമായി അംഗരക്ഷകനെയും പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ വ്യാജ തിരിച്ചറിയൽ രേഖയുമായി രോഹൻ പരീഖ് എന്ന യുവാവിനെയും ഇയാളുടെ അംഗരക്ഷകനെന്ന് പറയപ്പെടുന്ന ദിലീപ് കുന്ദെ എന്നയാളെയുമാണ് പിടികൂടിയത്.

താനൊരു ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്ന് വരുത്തിത്തീർത്ത് തന്റെ പ്രതിശ്രുത വധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ രോഹൻ പരീഖ് പദ്ധതിയിട്ടതായി പോലീസ് പറയുന്നു. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നതിന്റെ തലേദിവസം ഇരുവരും മുംബൈയിലെ ജിയോ വേൾഡ് പ്ലാസ മാളിലെ സെക്യൂരിറ്റി ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് പിടികൂടിയത്.

തർക്കത്തിനിടെ പരീഖ് താനൊരു പിഎംഒ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയായിരുന്നു. തിരിച്ചറിയൽ രേഖ കാണിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ആളുടെ കൈവശം തോക്കും ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സുരക്ഷാ ഏജൻസികൾ മുംബൈയിലെങ്ങും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ പുറത്തുവന്നത്.

രോഹൻ പരീഖിന്റെ വിവാഹനിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. തുടർന്ന് തന്റെ വധുവിനും അവരുടെ കുടുംബത്തിനും മുന്നിൽ, കേന്ദ്ര സർക്കാരിൽ വലിയ സ്വാധീനമുള്ള ശക്തനായ ഒരു സർക്കാർ ഉദ്യോഗസ്ഥനായി കാണിക്കാൻ ഇയാൾ ശ്രമങ്ങൾ നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തിരിച്ചറിയൽ കാർഡിനോട് സാമ്യമുള്ള ഒരു തിരിച്ചറിയൽ കാർഡ് നിർമിക്കാൻ ഇയാൾ എഐ ടൂളുകൾ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ജിയോ വേൾഡ് പ്ലാസയുടെ പ്രദേശത്ത് രണ്ടുതവണ ഇയാൾ എത്തിയിട്ടുണ്ട്. വിവിഐപി പ്രവേശന കവാടത്തിലൂടെ അകത്തുകടന്ന്, തന്റെ സ്വാധീനം ഭാര്യവീട്ടുകാരെ കാണിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്നും പോലീസ് പറയുന്നു.

പരീഖിന് പുറമേ, അദ്ദേഹത്തിന്റെ അംഗരക്ഷകനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, രോഹന്റെ ഓഫീസ് അസിസ്റ്റന്റായി ജോലിചെയ്തിരുന്ന മൂന്നാമത്തെയാളായ പ്രഥമേഷ് ബാഗുലിനായി തിരച്ചിൽ തുടരുകയാണ്.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വിവിഐപി സുരക്ഷാ പ്രോട്ടോക്കോൾ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Content Highlights: A 24-year-old man named Rohan Parikh and his bodyguard were arrested in Mumbai., They possessed a fake PMO identification card created using AI tools and a gun., The accused wanted to impress his fiancée and her family by posing as a high-ranking government official., The security breach occurred at Jio World Plaza ahead of Prime Minister Narendra Modi's event., Police have registered cases for fraud, forgery, and violation of VVIP security protocols.