നാലംഗ കുടുംബത്തിന്റെ മരണ കാരണം തണ്ണിമത്തനല്ല;ആന്തരികാവയവങ്ങൾ പച്ചനിറമായി,മോർഫിൻ സാന്നിധ്യം,ദുരൂഹത

#ന്യൂസ് ഡെസ്ക്
Photo: @MothershipSG
Photo: @MothershipSG

മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയായത് ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബ്ദുള്ള ദൊകാഡിയയുടെ ഭാര്യ നസ്രീൻ ദൊകാഡിയയുടെ വയറിൽ നിന്ന് മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് വ്യക്തമായത്. മരിച്ച നാലുപേരുടെയും ആന്തരികാവയവങ്ങൾ ഒരേ തരത്തിൽ പച്ചനിറത്തിലേക്ക് മാറി. ഇത് ഭക്ഷ്യവിഷബാധയല്ല. വിഷം കഴിച്ചാലാണ് ഇങ്ങനെ സംഭവിക്കുക എന്നാണ് റിപ്പോർട്ട്.

മരിച്ചവരുടെ തലച്ചോർ, ഹൃദയം, കുടൽ എന്നിവയും പച്ചനിറത്തിലായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. തണ്ണിമത്തനാണോ മരണത്തിന് കാരണം എന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനകൾക്കും സ്ഥിരീകരണങ്ങൾക്കും ശേഷം മാത്രമേ നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കൂ എന്നും സംസ്ഥാന ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പൈഥുനിയിലെ മുഗൾ ബിൽഡിങ്ങിൽ താമസിക്കുന്ന അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ എന്നിവരാണ് മരിച്ചത്. അന്ധേരിയിൽ മൊബൈൽ ആക്സസറീസ് കട നടത്തിയിരുന്ന അബ്ദുള്ള ശനിയാഴ്ചരാത്രി ബന്ധുക്കൾക്കായി വീട്ടിലൊരു അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു. അബ്ദുള്ളയുടെ സഹോദരനും സഹോദരിയും ഉൾപ്പെടെ അഞ്ച് ബന്ധുക്കളാണ് ശനിയാഴ്ച രാത്രി ഇവിടെ അത്താഴത്തിന് ഒത്തുകൂടിയത്.

രാത്രി പത്തരയോടെ ഒൻപതുപേരും അത്താഴം കഴിച്ചു, തുടർന്ന് അഞ്ച് അതിഥികളും വീട്ടിലേക്ക് മടങ്ങി. അതിഥികൾ പോയതിനുശേഷം പുലർച്ചെ ഒന്നരയോടെ കുടുംബം തണ്ണിമത്തൻ കഴിച്ചിരുന്നു. ബന്ധുക്കൾ കഴിച്ചില്ലെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദിയും വയറുവേദനയും അനുഭവപ്പെട്ടു. ആദ്യം കുടുംബഡോക്ടറെ കാണിച്ചു. ഡോക്ടർ ജെ.ജെ. ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇളയ മകൾ ആയിഷ ഞായറാഴ്ച രാവിലെ 10.15-ന് മരിച്ചു. തുടർന്ന് മറ്റുള്ളവരും മരിച്ചു. അതിഥികൾക്കാർക്കും തന്നെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് മുൻപ്‌ അബ്ദുള്ളയുടെ മൊഴി രേഖപ്പെടുത്തിയതായി ജെ.ജെ. മാർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ റൈസ് ഷെയ്ഖ് പറഞ്ഞു. ഉറങ്ങാൻപോകുന്നതിനു മുമ്പ് തണ്ണിമത്തൻ കഴിച്ചതായി അബ്ദുള്ള പറഞ്ഞതായി ഷെയ്ഖ് പറഞ്ഞിരുന്നു.

സ്വാഭാവിക മരണമല്ലെന്നാണ് വിവരം. ആത്മഹത്യ ആണോ, കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Content Highlights: Post-mortem confirms death was caused by poisoning, not food-borne illness., Morphine traces found in the stomach of the deceased., Internal organs turned green, indicating potential toxic ingestion., Police investigating potential murder or suicide angles., Scientific analysis of the consumed watermelon is ongoing.