കുട്ടനാട് പാക്കേജ് പൂര്‍ണമായി നടപ്പായില്ല; പ്രളയം വന്നപ്പോള്‍ കേരളം സ്വാമിനാഥനെ ഓര്‍ത്തു

M. S. Swaminathan | Photo: Mathrubhumi
M. S. Swaminathan | Photo: Mathrubhumi

കായലും കാറ്റും വയലേലകളുമായി എം എസ് സ്വാമിനാഥനെന്ന പ്രതിഭാശാലിയായ കൃഷിശാസ്ത്രജ്ഞന്റെ മനസിലും ചിന്തയിലും എന്നും ഉണ്ടായിരുന്ന നാടാണ് ആലപ്പുഴയും കുടുംബ വീടുള്ള മങ്കൊമ്പും. ആ നാട്ടിലെ പുഞ്ചപാടത്തിന്റെ ചേറ് മണവും നെൻമണികളുടെ സ്വർണവർണവും കണ്ട് വളർന്ന കുട്ടികാലമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കുട്ടനാടിന്റെ ശാശ്വത രക്ഷക്കായി അദ്ദേഹം അഹോരാത്രം പണിയെടുത്ത് ഉണ്ടാക്കിയതായിരുന്നു കുട്ടനാട് പാക്കേജ്. പെറ്റമ്മയ്ക്കുള്ള ആത്മസമർപ്പണം തന്നെയായിരുന്നു അത്. 

കുട്ടനാടിന്റെ മുക്കിലും മൂലയിലും വരെ സഞ്ചരിച്ചാണത്രേ അദ്ദേഹം ആ പാക്കേജ് ഉണ്ടാക്കിയത്. ഭൂമിയിലെ സ്വർഗമാണ് കുട്ടനാട്, മൽസ്യബന്ധനവും കൃഷിയും ജലടൂറിസവും കോർത്തിണക്കിയാൽ ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി അത് മാറും- ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് ബിരുദം ഏറ്റുവാങ്ങവേ കുട്ടനാടിനെ കുറിച്ച് അദ്ദേഹം പങ്ക് വച്ച സ്വപനമാണിത്. എന്നാൽ ലോകം മുഴുവൻ അദ്ദേഹത്തിന്റെ ആശയങ്ങൾ കടം കൊണ്ടപ്പോൾ കേരളം അത് അവഗണിച്ചു. രാഷ്ട്രീയ വടംവലികൾക്കിടെ ഭരണകൂടങ്ങൾ നടത്തിയ നിരുത്തരാവാദപരമായ സമീപനമാണ് ആ പാക്കേജ് പൂർണാർത്ഥത്തിൽ നടപ്പിൽ വരാതിരുന്നതിന് കാരണം. 

എം.എസ്. സ്വാമിനാഥൻ അധ്യക്ഷനായ കമ്മിറ്റി കുട്ടനാടു പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിനു നൽകുന്നത് 2008ലാണ്. അടുത്തവർഷം ഇത് അംഗീകരിച്ചു. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കുട്ടനാട്ടിൽ പാക്കേജിന്റെ ഉദ്ഘാടനവും നിർവഹിച്ചു.    കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. മൂന്നു വർഷത്തിനകം നടപ്പാക്കേണ്ട പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും കഷ്ടിച്ച് 750 കോടി മാത്രമാണ് ചെലവഴിക്കാനായത്. പാക്കേജിലെ 15 ഇന പരിപാടികളിൽ ജലവിസ്തൃതി കുറയുന്നത് നിയന്ത്രിക്കണമെന്നായിരുന്നു ആദ്യത്തെ നിർദേശം. രണ്ടാമത് വെള്ളപ്പൊക്ക ഓരുവെള്ള നിയന്ത്രണവും. 12 വകുപ്പുകളെയാണ് ഇതിന്റെ നടത്തിപ്പിനു ചുമതലപ്പെടുത്തിയത്. ഇൗ വകുപ്പുകൾ തന്നിഷ്ടപ്രകാരം കാര്യങ്ങൾ കൈകാര്യം ചെയ്തതാണ് പാക്കേജ് ലക്ഷ്യത്തിലെത്താതെ പോയതിനു കാരണം. കാര്യക്ഷമമായ ഏകോപനമില്ലെന്നതായിരുന്നു പ്രധാന പോരായ്മ. 

കനാലുകളുെട ആഴം കൂട്ടി എക്കൽ നീക്കി സംരക്ഷിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നായിരുന്നു പാക്കേജിൽ സ്വാമിനാഥൻ നിർദേശിച്ചത്. ഒരു ഹെക്ടർ ജലാശയത്തിൽ ഒരു വർഷം ഒരു ടൺ മുതൽ 25 ടൺ വരെ എക്കൽ അടിയുന്നുവെന്നാണ് കണക്ക്. എക്കൽ നീക്കിയെങ്കിൽ മാത്രമേ ജലാശയങ്ങളുടെ ജലവാഹകശേഷി വർധിക്കൂ എന്നതുകൂടി കണക്കിലെടുത്തായിരുന്നു ഇൗ നിർദേശം. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന എക്കൽ നല്ല ജൈവവളം അടങ്ങുന്നതു കൂടിയാണെന്നത് മറ്റൊരു കാരണം. എന്നാൽ ഇവയൊന്നും പൂർണമായും നടപ്പിലായില്ല. കേരളം പ്രളയത്തെ അഭിമൂഖികരിച്ചപ്പോൾ ഇൗ പാക്കേജ് നടപ്പാക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് അതും ചർച്ചകളിൽ അവസാനിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ പാക്കേജ് ഒരിക്കലും പൂർത്തിയവില്ലെന്ന യാഥാർത്ഥ്യ ബോധം അദ്ദേഹത്തെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു.

Content Highlights: ms swaminathan kuttanad package