ഇന്ത്യയെ ഭിക്ഷാപാത്രത്തില്‍നിന്ന് ഭക്ഷണക്കൂടയാക്കി മാറ്റി; മരണാനന്തരം രാജ്യത്തിന്റെ പരമോന്നത ബഹുമതി

എം.എസ് സ്വാമിനാഥന്‍ | ഫോട്ടോ: സാബുസ്‌കറിയ
എം.എസ് സ്വാമിനാഥന്‍ | ഫോട്ടോ: സാബുസ്‌കറിയ

140 കോടിയോളം ജനസഖ്യയുള്ള ഇന്ത്യാ മഹാരാജ്യം ഇന്ന് ഭക്ഷ്യക്ഷാമമില്ലാതെ മുന്നോട്ടുപോകുന്നതില്‍ എം.എസ്. സ്വാമിനാഥന്‍ എന്ന ആലപ്പുഴക്കാരന്‍ വഹിച്ച പങ്ക് എത്രമാത്രമുണ്ടെന്നതിന് തെളിവാണ് മരണാനന്തരം അദ്ദേഹത്തെ തേടിയെത്തിയ ഭാരത രത്‌ന. ഇന്ത്യയെ ഭക്ഷ്യസുരക്ഷയിലേക്കു നയിച്ച ഹരിതവിപ്ലവത്തിന്റെ ശില്പിയായ വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് വിടപറഞ്ഞത്.

കൃഷിയിലും കര്‍ഷക ക്ഷേമത്തിലും നമ്മുടെ രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച് എം.എസ്. സ്വാമിനാഥന്‍ ഭാരതരത്ന നല്‍കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചത്.

വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇന്ത്യ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിക്കകയുണ്ടായി. തനിക്ക് അടുത്തറിയാവുന്ന ആളായിരുന്നു സ്വാമിനാഥനെന്നും അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും താന്‍ എപ്പോഴും വില കല്പിച്ചിരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ഭിക്ഷാപാത്രത്തില്‍ നിന്ന് ഭക്ഷണക്കൂടയാക്കി മാറ്റിയ എം.എസ്. സ്വാമിനാഥന് കാര്‍ഷിക മേഖല നല്‍കിയ അംഗീകാരങ്ങള്‍ എണ്ണമറ്റതാണ്. 1971-ല്‍ മാഗ്‌സസെ അവാര്‍ഡ്, 1987-ൽ റോമില്‍ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി, 1987-ല്‍ വേള്‍ഡ് ഫുഡ് പ്രൈസ്, 2000-ല്‍ ഫ്രങ്ക്‌ലിന്‍ റൂസ്വെല്‍റ്റ് പുരസ്‌കാരം, പദ്മശ്രീ, പദ്മഭൂഷണ്‍ എന്നിവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ടൈം മാഗസിന്‍ ഇരുപതാംനൂറ്റാണ്ടില്‍ ഏഷ്യകണ്ട ഏറ്റവും സ്വാധീനശേഷിയുള്ള 20 വ്യക്തികളിലൊരാളായി തിരഞ്ഞെടുത്തിട്ടുണ്ട്. 50-ലേറെ ഓണററി ഡോക്ടറേറ്റുകളും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോഴിതാ മരണാനന്തര ബഹുമതിയായി ഭാരതരത്‌നയും അദ്ദേഹത്തെ തേടിയെത്തിരിക്കുന്നു.

1925 ഓഗസ്റ്റ് ഏഴിന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥന്റെ ജനനം. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലാണ് തറവാട്ടുവീട്. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ സ്വാമിനാഥന്‍ ഐ.പി.എസ്. ഉപേക്ഷിച്ചാണ് കാര്‍ഷിക ഗവേഷണ മേഖലയിലേക്കുതിരിഞ്ഞത്. ലോകം കൊടിയ ഭക്ഷ്യക്ഷാമം അനുഭവിച്ചിരുന്നകാലത്ത് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണത്തില്‍ മുഴുകി.

ഇന്ത്യയ്ക്ക് അനുയോജ്യമായ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ആയിരത്തോളം ഗവേഷണപ്രബന്ധങ്ങളും 13 പുസ്തകങ്ങളും രചിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണകൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍, രാജ്യാന്തര നെല്ലുഗവേഷണകേന്ദ്രം മേധാവി, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ സുപ്രധാന ചുമതലകള്‍ വഹിച്ചു.

ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ മകളാണ്. വിദ്യാഭ്യാസ വിദഗ്ധയായിരുന്ന ഭാര്യ മീനാ സ്വാമിനാഥന്‍ 2022-ലാണ് മരിച്ചത്. ഡോ. മധുര സ്വാമിനാഥന്‍ (പ്രൊഫസര്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) നിത്യ റാവു (ഡയറക്ടര്‍, എന്‍.ഐ.എസ്.ഡി, ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാല, യു.കെ.) എന്നിവരാണ് മറ്റു മക്കള്‍.

Content Highlights: ms swaminathan-bharat ratna