മംഗളൂരു MRPL റിഫൈനറിയിൽ വൻ തീപ്പിടിത്തവും സ്ഫോടനവും; കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡിലെ ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റായ സി.എച്ച്.ടി. യൂണിറ്റിൽ വൻ സ്‌ഫോടനവും തീപ്പിടിത്തവും. അപകടത്തിൽ ഒരാൾക്ക് 35 ശതമാനത്തോളം പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ അറിയിക്കുന്നത്. സമീപത്തെ ഓഫീസിലുണ്ടായിരുന്ന ആറുപേർക്കും സാരമല്ലാത്ത പരിക്കുണ്ട്. തീ പൂർണമായി നിയന്ത്രണവിധേയമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.
സ്‌ഫോടനത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ വലിയ ശബ്ദം കേൾക്കുകയും കറുത്ത പുക ഉയരുകയും ചെയ്തു. ചിലയിടങ്ങളിലെ വീടുകൾ കുലുങ്ങുകയും വാതിലുകളിലും ജനലുകളിലും പ്രകമ്പനങ്ങൾ അനുഭവപ്പെടുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. മംഗളൂരു വിമാനത്താവളത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ ജനലുകൾവരെ സ്‌ഫോടന ശബ്ദത്തിൽ കുലുങ്ങി. അപകടത്തിന് പിന്നാലെ നിരവധി ഫയർ എൻജിനുകളും അടിയന്തര രക്ഷാപ്രവർത്തകരും ആംബുലൻസുകളും സ്ഥലത്തെത്തി.
സംഭവസ്ഥലത്ത് സിറ്റി പോലീസ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. എന്നിവർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച എം.ആർ.പി.എൽ. അധികൃതർ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അഭ്യർഥിച്ചു.