പെട്രോളടിച്ചതിന് 11 ലക്ഷം, ഹെല്‍മറ്റിന് 2.3 ലക്ഷം; 27 ലക്ഷത്തിന്റെ ബൈക്ക് റാലി വിവാദത്തില്‍

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് | Photo : PTI
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് | Photo : PTI

ഭോപാല്‍: ബൈക്ക് റാലിയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. മധ്യപ്രദേശിലെ രാതാപാനി വന്യജീവി സങ്കേതവും ടൈഗര്‍ റിസര്‍വും രൂപവത്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് മുഖ്യമന്ത്രി മോഹന്‍ യാദവാണ്. സങ്കേതം പ്രാവര്‍ത്തികമാക്കിയത് ആഘോഷിക്കുന്നതിനായി 2024 ഡിസംബര്‍ 13 ന്  ജനകല്യാണ്‍ പര്‍വ് എന്ന പേരില്‍ സര്‍ക്കാര്‍ ഗംഭീരപരിപാടി സംഘടിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ബൈക്ക് റാലിയ്ക്കായി 27 ലക്ഷത്തോളം രൂപ ചെലവായതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വന്യജീവി സങ്കേതത്തില്‍ നിന്ന് അകലെയാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും പ്രതീകാത്മകമായി നടത്തിയ ബൈക്ക് റാലിയ്ക്ക് 26.43 ലക്ഷം രൂപയാണ് ചെലവിട്ടത്. ഭോപാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ലോക്പ്രിയ ഭാരതി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (വൈല്‍ഡ് ലൈഫ്) ശുഭ് രഞ്ജന്‍ സെന്‍ എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. 

സാമൂഹികപ്രവര്‍ത്തകനായ അജയ് ദുബെയാണ് വിവരാവകാശ നിയമപ്രകാരം പരിപാടിയുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചത്. ഇതനുസരിച്ച് ബൈക്ക് റാലിയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 26.43 ലക്ഷം രൂപ ചെലവിട്ടതായാണ് കണക്ക്. ഏഴ് ലക്ഷം രൂപ ബൈക്കുകള്‍ക്ക് പെട്രോളിനും 11.5 ലക്ഷം രൂപ ഭക്ഷണത്തിനും 2.36 ലക്ഷം രൂപ ഹെല്‍മെറ്റുകള്‍ക്കും ചെലവഴിച്ചതായി കണക്കുകളില്‍ പറയുന്നു. 

പൊതുമുതലിന്റെ ദുര്‍വിനിയോഗമാണ്  അഴിമതിയിലൂടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും അജയ് ദുബെ പരാതി നല്‍കി. 5000 പേര്‍ക്ക് ഭക്ഷണം നല്‍കിയതായാണ് വിശദീകരണമെങ്കിലും പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളിലും വീഡിയോ ദൃശ്യങ്ങളിലും അത്രയും ആളുകള്‍ പങ്കെടുത്തതായി തോന്നുന്നില്ലെന്നും അജയ് ദുബെ കൂട്ടിച്ചേര്‍ത്തു. 

Content Highlights: Madhya Pradesh govt faces criticism for spending ₹27 lakh on a bike rally