ചാടിവീണു, മുടി പിടിച്ചുവലിച്ചു, കടിച്ചു; വീടിന് പുറത്ത് വയോധികയെ ആക്രമിച്ച് കുരങ്ങുകൾ | വീഡിയോ

#ന്യൂസ് ഡെസ്‌ക്
സംഭവത്തിന്റെ സിസിടിവി ദൃശ്യം | Screengrab Courtesy: x.com/gharkekalesh
സംഭവത്തിന്റെ സിസിടിവി ദൃശ്യം | Screengrab Courtesy: x.com/gharkekalesh

ചണ്ഡീഗഢ്: വീടിന് പുറത്തിരിക്കുകയായിരുന്ന വയോധികയ്ക്ക് നേരേ കുരങ്ങുകളുടെ ആക്രമണം. ഹരിയാണയിലെ ബഹാദൂർഘട്ടിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വീടിന് പുറത്ത് കസേരയിൽ ഇരിക്കുകയായിരുന്ന സന്തോഷ് ദേവിയെയാണ് കുരങ്ങുകൾ കൂട്ടത്തോടെയെത്തി ആക്രമിച്ചത്.

ഡിസംബർ 26-ന് ഉച്ചയോടെയായിരുന്നു സംഭവം. ഏഴോളം കുരങ്ങുകളാണ് സംഘത്തിലുണ്ടായിരുന്നത്. കുരങ്ങുകൾ വയോധികയ്ക്ക് നേരേ ചാടിവീഴുകയും ഇവരെ കടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയുമായിരുന്നു. സന്തോഷ് ദേവിക്ക് ഒട്ടേറെ തവണ കടിയേറ്റു. ഇതിനിടെ, സന്തോഷ് ദേവിയെ രക്ഷിക്കാനെത്തിയ ബന്ധുവായ സ്ത്രീയെയും കുരങ്ങുകൾ ആക്രമിച്ചു. ഒടുവിൽ ഏറെ പ്രയാസപ്പെട്ടാണ് ഇരുവരും കുരങ്ങുകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

പരിക്കേറ്റ സന്തോഷ് ദേവിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില തൃപ്തികരമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Content Highlights: Shocking CCTV footage shows a group of monkeys brutally attacking an elderly woman outside her home in India. Learn more and watch the video.