യുവതലമുറയെ കണ്ണടച്ച് വിശ്വസിക്കുന്നു, സർക്കാരിനെതിരായ പ്രതിഷേധം രാജ്യവിരുദ്ധതയല്ല- മോഹൻ ഭാഗവത്

ന്യൂഡൽഹി: പുതിയ തലമുറയെ താൻ കണ്ണടച്ച് വിശ്വസിക്കുന്നതായും മെച്ചപ്പെട്ട സംവിധാനങ്ങൾക്കായി വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് രാജ്യവിരുദ്ധതയല്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വ്യാഴാഴ്ച മുംബൈയിൽ നടന്ന 'ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ്' പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ ചോദ്യങ്ങൾ ചോദിക്കാനും പരിഷ്കാരങ്ങൾ ആവശ്യപ്പെടാനും യുവാക്കൾക്ക് എല്ലാ അവകാശവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഴയതലമുറ അധികാരികളെ ചോദ്യംചെയ്യാൻ മടിച്ചിരുന്നെങ്കിൽ ഇന്നത്തെ തലമുറ അങ്ങനെയല്ല. 'ജെൻ സീ', 'ജെൻ ആൽഫ' വിഭാഗങ്ങൾ യുക്തിപരമായ ഉത്തരങ്ങൾ തേടുന്നവരാണെന്നും സ്നേഹത്തോടെയും അനുകമ്പയോടെയും കാര്യങ്ങളെ സമീപിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതുകൊണ്ട് മാത്രം ഒരാൾ രാജ്യവിരുദ്ധനാകില്ലെന്നും യുവാക്കളുടെ ശബ്ദം കേൾക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും വിദ്യാഭ്യാസം ഒരു ബിസിനസ്സായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
എൽജിബിടിക്യു വിഭാഗത്തെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി കാണണമെന്നും നമ്മുടെ പാരമ്പര്യം അവരെ ഉൾക്കൊള്ളുന്നതാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. വിവാഹം എന്നത് കേവലം ഒരുമിച്ച് ജീവിക്കാനുള്ള സൗകര്യമല്ല, മറിച്ച് സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ്. അതിനാൽ, സ്വവർഗ വിവാഹത്തിന് പകരം 'സെയിം സെക്സ് കമ്പാനിയൻഷിപ്പ്' എന്ന രീതിയിലുള്ള സഹവർത്തിത്വത്തിനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയ നിരോധിക്കുന്നത് പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അവ കരിഞ്ചന്തയിൽ പടരാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കുകയും വിവരങ്ങളുടെ ആധികാരികത പരിശോധിക്കുകയും വേണം. വിദ്വേഷം ഒരു പ്രശ്നത്തിനും പരിഹാരമല്ല. മനുഷ്യത്വമാണ് വേണ്ടതെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
Content Highlights: Student protests for reform are democratic rights and not anti-national., Gen Z and Gen Alpha are rational seekers of truth and compassion., Education should not be commercialized; calls for 6% budget allocation., Advocates for social inclusion of LGBTQ community through companionship., Emphasizes self-regulation on social media over bans.