ഒന്നിച്ച് നിൽക്കണമെന്ന് മോദി; ഫണ്ട് ചോദിച്ച് സ്റ്റാലിൻ,നീതി ആയോഗിൽ വാദങ്ങളുന്നയിച്ച് മുഖ്യമന്ത്രിമാർ

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം, സമീപം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും |ഫോട്ടോ:PMO
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം, സമീപം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും |ഫോട്ടോ:PMO

ന്യൂഡല്‍ഹി: നിതി ആയോഗ് യോഗത്തില്‍, പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളോടും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനടക്കമുള്ള ചില പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്നതായിരുന്നു പ്രധാന പരാതി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രധാനമായും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അർഹമായ ഫണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഹരിയാണയുമായി പങ്കുവെക്കാന്‍ തന്റെ സംസ്ഥാനത്തിന് വെള്ളമില്ലെന്ന് യോഗത്തില്‍ വാദിച്ചു

തമിഴ്‌നാട് ഉള്‍പ്പെടെ ഒരു സംസ്ഥാനത്തോടും കേന്ദ്രം വിവേചനം കാണിക്കരുതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 'ഇന്ത്യയെപ്പോലുള്ള ഒരു ഫെഡറല്‍ ജനാധിപത്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ടുകള്‍ ലഭിക്കാന്‍ വേണ്ടി സമരം ചെയ്യുകയോ, വാദിക്കുകയോ, കോടതി കയറുകയോ ചെയ്യുന്നത് ഉചിതമല്ല. ഇത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തെ തടസ്സപ്പെടുത്തുന്നു' സ്റ്റാലിന്‍ പറയുകയുണ്ടായി. നീതി ആയോഗിന്റെ പത്താമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തിലായിരുന്നു സ്റ്റാലിന്റെ തുറന്ന് പറച്ചില്‍.

യോഗത്തില്‍ അധ്യക്ഷതവഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ച്‌നില്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നാം വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് ചേരുകയും ടീം ഇന്ത്യയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല' മോദി പറയുകയുണ്ടായി.

നികുതി വരുമാനത്തില്‍ സംസ്ഥാനങ്ങളുടെ വിഹിതം 50% ആയി വര്‍ദ്ധിപ്പിക്കണമെന്നും സ്റ്റാലിന്‍ വാദിച്ചു. 'കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട ചെലവിന്റെ പങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇത് തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരു വശത്ത് കേന്ദ്ര പദ്ധതികള്‍ക്കായി സംസ്ഥാനങ്ങളില്‍ അധികഭാരം ചുമത്തുമുമ്പോള്‍, മറു വശത്ത് കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം കുറഞ്ഞതും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു' സ്റ്റാലിന്‍ പറഞ്ഞു.

കേരളം കൂടാതെ കര്‍ണാടക,പശ്ചിമ ബംഗാള്‍, ബിഹാര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും  പങ്കെടുത്തിരുന്നില്ല.

Content Highlights: Central Funds-Water- Non-BJP Chief Ministers Demands At Meet Led By PM MODI