'അങ്ങേയറ്റം ആശങ്കയുണ്ട്'; പുതിന്റെ വസതിക്കുനേരെയുള്ള ആക്രമണത്തിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുതിൻ്റെ വസതിക്ക് നേരെ യുക്രൈൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രപരമായ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.
‘റഷ്യൻ പ്രസിഡൻ്റിൻ്റെ വസതി ലക്ഷ്യമിട്ട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഏറെ ആശങ്കയുണ്ട്. നിലവിലുള്ള നയതന്ത്രപരമായ നീക്കങ്ങൾ ശത്രുത അവസാനിപ്പിച്ച് സമാധാനം നേടാനുള്ള ഏറ്റവും പ്രായോഗികമായ മാർഗ്ഗമാണ്. ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുർബലപ്പെടുത്താൻ സാധ്യതയുള്ള നടപടികൾ ഒഴിവാക്കാനും എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു’. പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Deeply concerned by reports of the targeting of the residence of the President of the Russian Federation. Ongoing diplomatic efforts offer the most viable path toward ending hostilities and achieving peace. We urge all concerned to remain focused on these efforts and to avoid any…
— Narendra Modi (@narendramodi) December 30, 2025
നോവ്‌ഗൊറോഡ് മേഖലയിലെ പുതിന്റെ ഒദ്യോഗിക വസതിയിലേക്ക് യുക്രൈൻ ആക്രമണം നടത്തിയെന്ന വിവരം റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലവ്റോവാണ് പുറത്തുവിട്ടത്. ഡിസംബർ 28, 29 തീയതികളിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രൈൻ 91 ദീർഘദൂര ഡ്രോണുകൾ അയച്ചെന്ന് ലവ്റോവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം 'ആ രാജ്യത്തിന്റെ ഭീകരവാദം' ആണെന്ന് പറഞ്ഞ ലവ്റോവ് ഈ നടപടി അപകടകരമാണെന്നും ഇതിന് മറുപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ഈ ആരോപണം തള്ളി. റഷ്യ പച്ചക്കള്ളം പറയുകയാണെന്നും യുക്രൈനെതിരായ പുതിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: PM Modi expresses deep concern over alleged Ukraine attack on Putin`s residence, urging focus on diplomatic efforts for peace in the Russia-Ukraine war. Learn more.