സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നത് മോദി നേരിട്ടെന്ന് ജസ്റ്റിസ് കെ. ചന്ദ്രു

ചെന്നൈ: സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാരെ കൊളീജിയത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് നിയമിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു. ഏഷ്യൻ കോളേജ് ഓഫ് ജേണലിസം (ACJ) ചെന്നൈയിൽ സംഘടിപ്പിച്ച 'ഹു വിൽ ജഡ്ജ് ദ ജഡ്ജസ്' (Who Will Judge the Judges) എന്ന ചർച്ചാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014-ൽ അധികാരത്തിൽ വന്നശേഷം മോദി സർക്കാർ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (NJAC) കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും സുപ്രീം കോടതി ആ നിയമനിർമ്മാണം റദ്ദാക്കുകയായിരുന്നു. അതിനുശേഷം സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങൾ കൊളീജിയത്തിന് പകരമായി നേരിട്ട് മോദിയാണ് നടത്തുന്നതെന്ന് ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. എൻ.ജെ.എ.സിയേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുന്ന മറ്റ് വഴികൾ കണ്ടെത്തിയതിനാലാണ് അത് പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന അംഗീകരിക്കാത്ത കൊളീജിയം സംവിധാനം വഴി സുതാര്യതയില്ലാതെയാണ് നിയമനങ്ങൾ നടക്കുന്നത്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും വലിയ രഹസ്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ സുപ്രീം കോടതിയിൽ 38 ജഡ്ജിമാരും വിവിധ ഹൈക്കോടതികളിലായി ആയിരത്തോളം ജഡ്ജിമാരുമുണ്ട്. ഇന്ത്യയിലല്ലാതെ ലോകത്തൊരിടത്തും, പ്രത്യേകിച്ചും ജനാധിപത്യ രാജ്യങ്ങളിൽ, ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന രീതി നിലവിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മുരളീധർ, സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ, മുൻ ജഡ്ജി ജസ്റ്റിസ് കെ. കണ്ണൻ, മുതിർന്ന അഭിഭാഷക ആർ. വൈഗെ തുടങ്ങിയവരും സംസാരിച്ചു. സുപ്രീം കോടതിയിലേക്ക് ഉയർത്താൻ അനുയോജ്യയായ ഒരു വനിതാ ജഡ്ജിയെപ്പോലും കണ്ടെത്താൻ സാധിച്ചില്ലെന്ന മുൻ സി.ജെ.ഐ ഡി.വൈ. ചന്ദ്രചൂഡിന്റെ കാലത്തെ സാഹചര്യം ചൂണ്ടിക്കാട്ടി കോടതികളിലെ വൈവിധ്യക്കുറവിനെക്കുറിച്ച് ജസ്റ്റിസ് മുരളീധർ വിമർശനം ഉന്നയിച്ചു.
Content Highlights: Justice K. Chandru critiques Modi's direct involvement in judicial appointments, bypassing the collegium system, at a Chennai journalism college event.