ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് കേന്ദ്രം

Photo: Reuters
Photo: Reuters

ന്യൂഡല്‍ഹി: ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്ന് സര്‍ക്കാര്‍. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്ക് എതിരല്ല ന്യൂനപക്ഷ ക്ഷേമപദ്ധതികളെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് റദ്ദാക്കണമെന്ന ആവശ്യം തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

അസമത്വങ്ങള്‍ ഒഴിവാക്കുന്നതിനും ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസവും തൊഴില്‍പരവുമായ ഉന്നമനം ലക്ഷ്യമിട്ടുമാണ് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ ഭരണഘടനാപരമായി സാധുവാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും ക്ഷേമപദ്ധതികളുടെ അനൂകൂല്യം ലഭിക്കില്ല. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കാവസ്ഥയില്‍ ഉള്ളവര്‍ക്ക് മാത്രമേ അനൂകൂല്യങ്ങള്‍ നല്‍കുന്നുള്ളൂ എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഹിന്ദുമത വിഭാഗത്തില്‍ ജനിച്ചതിനാല്‍ തങ്ങള്‍ വിവേചനം നേരിടുന്നെന്ന് ആരോപിച്ച് ആറുപേർ ചേർന്ന് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. വഖഫ് ബോര്‍ഡുകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഹിന്ദുക്കളുടെ മഠങ്ങള്‍, അഖാഡകള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്ക് ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്തുന്നതിന് ദേശീയ പിന്നാക്ക കമ്മീഷന്‍ ഉള്ളതിനാല്‍ 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Content Highlights: minority welfare schemes will not harm the rights of Hindus- Center

Content Highlights: