നിയമസഭയ്ക്കുള്ളില്‍ മന്ത്രിയുടെ 'റമ്മി കളി', വീഡിയോ വൈറൽ; വ്യാപക പ്രതിഷേധം | വീഡിയോ

മണിക്‌റാവു കൊക്കാട്ടെ നിയമസഭയ്ക്കുള്ളില്‍ റമ്മി കളിക്കുന്നതിന്റെ വീഡിയോ ദൃശ്യം | Photo: x.com/RRPSpeaks
മണിക്‌റാവു കൊക്കാട്ടെ നിയമസഭയ്ക്കുള്ളില്‍ റമ്മി കളിക്കുന്നതിന്റെ വീഡിയോ ദൃശ്യം | Photo: x.com/RRPSpeaks

മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്‌റാവു കൊക്കാട്ടെ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി ഗെയിം കളിക്കുന്ന വീഡിയോ പുറത്തുവിട്ട് എന്‍സിപി (എസ്പി) നേതാവ് രോഹിത് പവാര്‍. സാമൂഹികമാധ്യമമായ എക്‌സിലാണ് ഇതുസംബന്ധിച്ച വീഡിയോ രോഹിത് പവാര്‍ പങ്കുവെച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് കുറ്റപ്പെടുത്തിയ രോഹിത് പവാര്‍, മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് റമ്മി കളിക്കുന്നതെന്നും വിമര്‍ശിച്ചു.

'അജിത് പവാറിന്റെ നേതൃത്വത്തിലുളള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മഹാരാഷ്ട്രയില്‍ പ്രതിദിനം എട്ടുകര്‍ഷകരാണ് ജീവനൊടുക്കുന്നത്. കൃഷി മന്ത്രിക്ക് പണിയൊന്നുമില്ലാത്തതിനാലാണ് മൊബൈലില്‍ റമ്മി കളിച്ച് സമയം ചിലവഴിക്കുന്നത്', വീഡിയോ പങ്കുവെച്ച് രോഹിത് പവാര്‍ കുറിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് മണിക്‌റാവുവിന് എതിരെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. 

മന്ത്രി മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുള്ളയാളാണെന്നും ഇത്തരത്തില്‍ പെരുമാറുന്നത് ജനാധിപത്യത്തിനുതന്നെ നാണക്കേടാണെന്നും ശിവസേന (യുബിടി) നേതാവ് കിഷോരി പേട്‌നേക്കര്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ ചില മന്ത്രിമാര്‍ക്ക് യാതൊരു നാണവുമില്ലെന്നും സംസ്ഥാന നിയമസഭയോട് യാതൊരു ബഹുമാനവുമില്ലാത്ത തരത്തിലാണ് ഇവരുടെ പെരുമാറ്റമെന്നും എന്‍സിപി (എസ്പി) എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് പ്രതികരിച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ഇത്തരക്കാര്‍ക്കെതിരെ എന്തുനടപടിയാണ് സ്വീകരിക്കുകയെന്നറിയാന്‍ തനിക്ക് കൗതുകമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മന്ത്രിക്ക് എതിരെ നടപടിയെടുക്കാന്‍ നിലവില്‍ നിയമങ്ങളില്ലെന്നായിരുന്നു ബിജെപി നേതാവ് സുധീര്‍ മുന്‍ഗണ്ഡിവാറുടെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മണിക്‌റാവുവിന് മുന്നറിയിപ്പ് നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ഇത്തരം വിഷയങ്ങളില്‍ ഒരു നിയമനിര്‍മാണം ആവശ്യമാണെന്ന് അറിയിച്ചുവെങ്കിലും അതിനുള്ള അവകാശം കേന്ദ്രത്തിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും സുധീര്‍ പറഞ്ഞു.

അതേസമയം, ആരോ തന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതാണ് റമ്മി ഗെയിമെന്നും ഗെയിം ഫോണില്‍ നിന്നൊഴിവാക്കാനായി എടുത്തപ്പോള്‍ ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും മണിക്‌റാവു പ്രതികരിച്ചു. ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുളള വീഡിയോ ആണ് വൈറലായത്. ഇതിന്റെ മുഴുവന്‍ വീഡിയോ പുറത്തുവന്നാല്‍ എല്ലാവര്‍ക്കും സത്യം ബോധ്യമാകുമെന്നും മണിക്‌റാവു അറിയിച്ചു.

Content Highlights: minister manikrao kokate found playing rummy in assembly