കശ്മീരിലെ അനന്തനാഗില്‍ ബിജെപി സര്‍പഞ്ചിനെയും ഭാര്യയേയും ഭീകരര്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍: ബിജെപി സര്‍പഞ്ചിനെയും ഭാര്യയേയും ഭീകരര്‍ വെടിവെച്ചുകൊന്നു. തെക്കന്‍ കശ്മീരിലെ അനന്ദനാഗ് പട്ടണത്തില്‍ വെച്ചാണ് കുല്‍ഗാം ജില്ലയില്‍നിന്നുള്ള സര്‍പ്പഞ്ചും ബിജെപി കിസാന്‍മോര്‍ച്ച പ്രസിഡന്റുമായ ഗുലാം റസൂല്‍ ദറിനും ഭാര്യ ജവ്ഹറാ ബാനുവിനും നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അനന്ദനാഗിലെ ലാല്‍ ചൗക്കില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് ഭീകരര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇരുവരേയും നേരത്തെ പോലീസ് ഒരു ഹോട്ടലില്‍ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയായിരുന്നു. അവരുടെ അപേക്ഷ പ്രകാരമാണ് വാടക വീട്ടിലേക്ക് താമസം മാറാന്‍ അനുവദിച്ചതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലഷ്‌കര്‍ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ഭീകരവാദികളോടും അവരെ പിന്തുണയ്ക്കുന്നവരോടും യാതൊരുവിധ അനുകമ്പയും കാണിക്കില്ലെന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പ്രസ്ഥാവനക്ക് പിന്നാലെയാണ് അനന്ദനാഗില്‍ ഭീകരാക്രമണം ഉണ്ടായത്.
content highlights : militants attack in anantnag
Content Highlights: