രാമരാജ്യ സങ്കല്പമെന്ന് മന്ത്രി; ഗാന്ധിനിന്ദയെന്ന് പ്രതിപക്ഷം; പഴയ ഹിന്ദി ഗാനം ഓര്‍മിപ്പിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിതെന്നും ഗാന്ധിജി ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്നും കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായുള്ള പുതിയ ബില്‍ അവതരിപ്പിക്കവേയാണ് ഗാന്ധിജിയുടെ പേരൊഴിവാക്കിയ വിഷയത്തില്‍ മന്ത്രിയുടെ മറുപടി.
മഹാത്മാഗാന്ധിയില്‍ വിശ്വസിക്കുന്നവരും അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ പിന്തുടരുന്നവരുമാണ് എന്‍ഡിഎ സര്‍ക്കാര്‍. ജവാഹര്‍ റോസ്ഗാര്‍ യോജനയുടെ പേര് മാറ്റിയത് കോണ്‍ഗ്രസാണ്. അത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവോടുള്ള അനാദരവാണെന്ന് ആരെങ്കിലും പറഞ്ഞോ-മന്ത്രി ചോദിച്ചു.
ഭരണഘടനയ്ക്കുനേരേയുള്ള ആക്രമണം-കെ.സി.
തൊഴിലുറപ്പ് ഭേദഗതിബില്‍ ഭരണഘടനയ്ക്കുനേരേയുള്ള ആക്രമണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പാര്‍ലമെന്റില്‍നടന്ന ചര്‍ച്ചയില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. രാജ്യത്തെ സാധാരണക്കാരുടെ തൊഴിലവകാശം ഉറപ്പാക്കിയ പദ്ധതിയെ മോദിസര്‍ക്കാര്‍ ഭേദഗതിയിലൂടെ അട്ടിമറിച്ചു. ഭേദഗതിബില്ലിലൂടെ തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്നത് സാമ്പത്തികഭാരം വര്‍ധിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി ബഹുമാനത്തോടെ ഗാന്ധിജിയെക്കുറിച്ച് സംസാരിക്കുകയും അതിനുശേഷം ഗാന്ധിജിയുടെ പേര് പദ്ധതിയില്‍നിന്ന് നീക്കാന്‍ നിയമനിര്‍മാണം നടത്തുകയാണെന്നും വേണുഗോപാല്‍ പരിഹസിച്ചു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ അടുത്ത മൂന്നു ദിവസത്തേക്ക് എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു.
രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണ് പദ്ധതിയില്‍നിന്നുള്ള പേര് നീക്കലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
പഴയ ഹിന്ദിഗാനം ഓര്‍മ്മിപ്പിച്ച് ശശി തരൂര്‍
ബില്ലിനെ വെറുമൊരു ഭരണപരമായ മാറ്റമായി കണക്കാക്കാനാവില്ലെന്ന് ശശിതരൂര്‍ പറഞ്ഞു. ഏറ്റവും ദുരിതമനുഭവിക്കുന്ന പൗരന്മാരുടെ ക്ഷേമത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് നേരേയുള്ള നിന്ദാര്‍ഹമായ ചുവടുവയ്പാണിത്. ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന മനുഷ്യനാവണം ആദ്യ പരിഗണനയെന്ന ഗാന്ധിജിയുടെ തത്ത്വങ്ങളെ മുറുകെപ്പിടിക്കുന്നതും യഥാര്‍ഥ തൊഴിലുറപ്പ് സാധ്യമാക്കുന്നതുമായിരുന്നു പദ്ധതി. മഹാത്മാഗാന്ധിയുടെ പേര് മാറ്റുന്നതിലൂടെ അതിന്റെ ധാര്‍മികപ്രതിബദ്ധതയെയും ചരിത്രപാരമ്പര്യത്തെയുമാണ് മുറിച്ചുമാറ്റുന്നത്. കുട്ടിക്കാലത്ത് കേട്ട ഒരു പാട്ടിനെ ഇത് ഓര്‍മിപ്പിക്കുന്നുവെന്നും പറഞ്ഞാണ് 1971-ലെ സൂപ്പര്‍ഹിറ്റ് ഹിന്ദിഗാനത്തിലെ വരികള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. 'ദേഘോ ദീവാനോ ദും യെ കാം ന കരോ, രാം കാ നാം ബദ്‌നാം ന കരോ (രാമന്റെ പേരിനെ നിന്ദിക്കരുത്).'
തൊഴിലുറപ്പ് നിയമഭേദഗതി:പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം
ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ പേര് നീക്കിയതടക്കം ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ പൊളിച്ചുപണിതുള്ള പുതിയ ബില്ലിനുനേരേ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധാഗ്‌നി.
വിവാദം കത്തിപ്പടരുന്നതിനിടെ, 'വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍-ഗ്രാമീണ്‍' ബില്‍ മന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിന്മേല്‍ നിരാകരണപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷാംഗങ്ങള്‍ 'ഗാന്ധിനിന്ദ' ആരോപിച്ച് പ്രതിഷേധമുയര്‍ത്തി. ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ മന്ത്രി ചൗഹാന്‍, ബില്‍ ഗാന്ധിജി വിഭാവനംചെയ്ത രാമരാജ്യസങ്കല്പം യാഥാര്‍ഥ്യമാക്കുന്നതിനുള്ളതാണെന്ന് അവകാശപ്പെട്ടു. ബില്‍ അവതരിപ്പിക്കുന്നതിനായുള്ള മന്ത്രിയുടെ പ്രമേയം സ്പീക്കര്‍ ഓം ബിര്‍ള വായിച്ചപ്പോള്‍ ഭരണപക്ഷം പിന്തുണച്ചു. ബഹളത്തില്‍ മുങ്ങിയതോടെ ഉച്ചയ്ക്ക് രണ്ടുവരെ സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തുനിന്ന് പ്രിയങ്കാഗാന്ധി, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍ (കോണ്‍ഗ്രസ്), ടി.ആര്‍. ബാലു(ഡിഎംകെ), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍എസ്പി), പ്രൊഫ. സൗഗത റോയ് (തൃണമൂല്‍ കോണ്‍ഗ്രസ്), ധര്‍മേന്ദ്ര യാദവ് (എസ്പി), സുപ്രിയ സുലെ (എന്‍സിപി) എന്നിവരാണ് നിരാകരണപ്രമേയങ്ങള്‍ കൊണ്ടുവന്നത്. ബില്‍ അവതരിപ്പിച്ച മന്ത്രി ചൗഹാന് പിന്തുണയുമായി ബിജെപി അംഗങ്ങള്‍ 'ജയ് ശ്രീറാം' മുഴക്കി. പാര്‍ലമെന്റ് മന്ദിരത്തിലെ മകരദ്വാറില്‍ ഇടതുപക്ഷാംഗങ്ങള്‍ പ്രതിഷേധപ്രകടനം നടത്തി.
ഗാന്ധി എല്ലാ കുടുംബങ്ങളുടേതും
പാവപ്പെട്ട ജനവിഭാഗങ്ങളുടെ തൊഴിലവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ബില്‍ ഭരണഘടനാവിരുദ്ധമാണ്. കേന്ദ്രത്തിന്റെ നിയന്ത്രണം കൂട്ടുന്നതും ഉത്തരവാദിത്വം കുറയ്ക്കുന്നതുമാണ് പുതിയ ബില്‍. മഹാത്മാഗാന്ധി എന്റെ കുടുംബത്തില്‍നിന്നല്ല. പക്ഷേ, അദ്ദേഹം രാജ്യത്തെ എല്ലാ കുടുംബങ്ങളുടേതുമാണ്.
-പ്രിയങ്കാ ഗാന്ധി
തൊഴിലുറപ്പിന്റെ ആത്മാവിന്നേരെയുള്ള ആക്രമണം
നിര്‍ണായകമായ ഒരു പദ്ധതിയുടെ അടിത്തറയ്ക്കും ആത്മാവിനും നേരേയുള്ള കടന്നാക്രമണമാണ് ബില്‍. ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പം വെറുമൊരു രാഷ്ട്രീയപദ്ധതിയായിരുന്നില്ല. അത് ഗ്രാമങ്ങളുടെ ശാക്തീകരണത്തിനായുള്ള സാമൂഹ്യ,സാമ്പത്തിക നയരേഖയായിരുന്നു.
-ശശി തരൂര്‍
Content Highlights: Union Minister Shivraj Singh Chouhan defends renaming Mahatma Gandhi Rural Employment Guarantee Scheme, sparking protests and debate over Gandhi`s legacy in Indian politics.