കേന്ദ്രസമ്മർദത്തിന് മെറ്റ വഴങ്ങിയോ? സിജെപി പ്രതിഷേധ റീലുകൾ അപ്രത്യക്ഷമാകുന്നു

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമരങ്ങളുമായി ബന്ധപ്പെട്ട റീലുകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യാപകമായി നീക്കം ചെയ്യപ്പെടുന്നു. മെറ്റ അധികൃതരും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നടപടിയുണ്ടായതെന്ന് സിജെപി ആരോപിക്കുന്നു. ഡൽഹിയിലും മറ്റു നഗരങ്ങളിലും നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്നതും ദശലക്ഷക്കണക്കിന് ആളുകൾ കണ്ടതുമായ വീഡിയോകളാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.
തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മെറ്റ ഈ റീലുകൾ നീക്കം ചെയ്യുന്നത്. എന്നാൽ, ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞ വീഡിയോകൾ പെട്ടെന്ന് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മാറിയത് എങ്ങനെയെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. നേരത്തെ ഇല്ലാതിരുന്ന ഇത്തരം പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ ഇപ്പോൾ കൊണ്ടുവരുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിക്കുന്നു.
ഇൻസ്റ്റഗ്രാമിന് പുറമെ ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളും ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടതായി പരാതിയുണ്ട്. കേന്ദ്ര സർക്കാരും മെറ്റയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത്തരം സെൻസർഷിപ്പ് നടപടികൾ ഉണ്ടാകുന്നത് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണെന്നാണ് സമരക്കാരുടെ പക്ഷം.
സിജെപി നേതാക്കൾക്ക് പുറമെ മറ്റ് പ്രതിപക്ഷ നേതാക്കളുടെ പോസ്റ്റുകൾക്കും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. തന്റെ പല ഇൻസ്റ്റഗ്രാം പോസ്റ്റുകളും ഇന്ത്യയിൽ കാണാൻ കഴിയുന്നില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്. മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നാരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.
Content Highlights: Are Meta's platforms suppressing political dissent? Discover why CJP protest reels are being removed.