ന്യൂനപക്ഷത്തോടുള്ള പെരുമാറ്റം; ഇന്ത്യയും ബംഗ്ലാദേശും തമ്മിലെന്ത് വ്യത്യാസം?- മെഹ്ബൂബ മുഫ്തി

ജമ്മു : ന്യൂനപക്ഷത്തോടുള്ള പെരുമാറ്റത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന മുന്‍ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശങ്ങള്‍ വിവാദമാവുന്നു. സംഭാല്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെഹ്ബൂബ.
'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് അതിക്രമങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.' മുഫ്തി പറഞ്ഞു. മതേതര സ്വഭാവത്തില്‍ ലോകമെമ്പാടും അറിയപ്പെടുന്ന മഹത്തായ രാജ്യമാണ് നമ്മുടേതെന്നും മുഫ്തി പറഞ്ഞു.
ബംഗ്ലാദേശില്‍ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന്റേയും ഇന്ത്യയിലെ സംഭാല്‍ സംഭവത്തിന്റേയും പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശം.
അതേസമയം മുഫ്തിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയേയും ബംഗ്ലാദേശിനേയും താരതമ്യം ചെയ്തുകൊണ്ടുള്ള മുഫ്തിയുടെ പരാമര്‍ശം അപലപനീയമാണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. മുഫ്തിയുടെ പരമാര്‍ശം രാജ്യവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.
Content Highlights: Former J&K CM Mehbooba Mufti`s remarks comparing India and Bangladesh sparks controversy