കോൺഗ്രസ് നേതാവിന്റെ മെലോണി പരാമർശം; സ്വയം നിയന്ത്രിക്കണം, പരസ്പര ബഹുമാനം നിലനിർത്തണമെന്നും MEA

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: PTI | രൺധീർ ജയ്സ്വാൾ | Photo: ANI
രാഹുൽ ഗാന്ധി | Photo: PTI | രൺധീർ ജയ്സ്വാൾ | Photo: ANI

ന്യൂഡൽഹി: വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിയെ പരിഹസിച്ച ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ അന്താരാഷ്ട്ര പങ്കാളികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ പരസ്പര ബഹുമാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മോദിയുടെ വിദേശനയത്തെ വിമർശിക്കുന്നതിനിടയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സന്ദീപ് ദീക്ഷിതും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെക്കുറിച്ച് പരാമർശിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശ നേതാക്കളെക്കുറിച്ച് പരാമർശങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ നേതാക്കൾ സ്വയംനിയന്ത്രണം പാലിക്കണമെന്ന് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വിദേശനയങ്ങളെയും ലോകനേതാക്കളെയും അനാദരിക്കുന്നത് ഇന്ത്യയുടെ അന്തസ്സിന് ചേർന്നതല്ലെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പരാമർശങ്ങളെ ബിജെപി നേതാക്കൾ നിശിതമായി വിമർശിച്ചു. അതേസമയം, ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് എടുത്തു പറഞ്ഞ ജയ്‌സ്വാൾ, രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് വീണ്ടും ഓർമിപ്പിച്ചു.

'ഇന്ത്യക്ക് ഇറ്റലിയുമായി ശക്തമായ ബന്ധമുണ്ട്. സമീപ വർഷങ്ങളിൽ ഇറ്റലിയുമായുള്ള ഇന്ത്യയുടെ ബന്ധം എല്ലാ തരത്തിലും വികസിക്കുകയും ശക്തമാകുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര പരിശീലനത്തിന്റെ ഭാഗമായി, ഇരുപക്ഷവും തമ്മിലുള്ള ഈ പരസ്പര ധാരണയും ബഹുമാനവും മനസ്സിൽ വെച്ചുകൊണ്ട് നാം പരസ്പരം ബഹുമാനിക്കുകയും നമ്മുടെ ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.' ജയ്സ്വാൾ പറഞ്ഞു.

വ്യാഴാഴ്ച ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടന്ന 'രചനാത്മക് കോൺഗ്രസ് ദേശീയ കൺവെൻഷൻ' പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര സമീപനത്തെ വിമർശിച്ചത്. ലോകനേതാക്കളെ കെട്ടിപ്പിടിക്കുന്നതിലൂടെയാണ് പ്രധാനമന്ത്രിയുടെ വിദേശനയം പ്രധാനമായും ചിത്രീകരിക്കപ്പെടുന്നത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

'അദ്ദേഹത്തിന് ഈ ആശയം എവിടെ നിന്നാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. വിചിത്രമായ ആശയങ്ങളാണ് ആളുകളുടെ തലയിൽ കയറുന്നത്. ഇതാണ് വിദേശനയം എന്നാണ് അദ്ദേഹം കരുതുന്നത്.' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. തുടർന്ന് പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ശൈലിയെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം കോൺഗ്രസ് നേതാവും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ചു.

പെട്ടെന്ന് സന്ദീപ്, 'ഞാൻ മെലോണി ആണെന്ന് കരുതിയല്ലല്ലോ താങ്കൾ എന്നെ കെട്ടിപ്പിടിക്കുന്നത്?' എന്ന് തമാശയായി ചോദിച്ചു. ഇതിന്, 'ഞാൻ ഇതുവരെ ആ ഘട്ടത്തിൽ എത്തിയിട്ടില്ല' എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇത് കേട്ട് സദസ്സിൽ ചിരി പടർന്നു. വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നത് വിദേശനയത്തിന് തുല്യമാണെന്ന ധാരണയെ ചോദ്യം ചെയ്തുകൊണ്ട് രാഹുൽ പിന്നീട് തന്റെ വിമർശനം ആവർത്തിക്കുകയും ചെയ്തു.

ഈ പരാമർശങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമായത്. രാഹുലിനെതിരെ ബിജെപി നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. എന്നാൽ കോൺഗ്രസ് പാർട്ടി തങ്ങളുടെ നേതാവിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്നുതന്നെ പ്രധാനമന്ത്രി മോദിയുടെ വിദേശനയത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിക്കുകയും കോൺഗ്രസ് നേതാവിനെ 'ചിച്ചോര' (വിലകുറഞ്ഞ രീതിയിൽ പെരുമാറുന്നവൻ) എന്ന് വിളിക്കുകയും അദ്ദേഹത്തിൽ നിന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിൽ നിന്നും മാപ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുലിനെതിരെ രംഗത്തെത്തി. രാഹുലിനോട് ഇനിയെങ്കിലും 'മുതിർന്നവരെ പോലെ' പെരുമാറാൻ ആവശ്യപ്പെടുകയും പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടതിലൂടെ കോൺഗ്രസ് നേതാവ് ഇന്ത്യയിലെ ജനങ്ങളെ അപമാനിച്ചതായി ആരോപിക്കുകയും ചെയ്തു.

'രാഹുൽ ഗാന്ധി, നിങ്ങൾ എപ്പോഴാണ് വളരുക? ഇന്ത്യ ഭരിക്കാൻ പക്വതയുള്ള നേതൃത്വമാണ് വേണ്ടത്, അല്ലാതെ അമച്വർ നാടകങ്ങളല്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ 'കോമാളികൾ' എന്ന് വിളിക്കുന്നത് നിങ്ങൾക്ക് ഇതിനുള്ള പ്രാപ്തിയില്ലെന്നാണ് തെളിയിക്കുന്നത്.' ജോഷി പറഞ്ഞു.

Content Highlights: MEA urges political leaders to exercise restraint when commenting on foreign leaders. Response follows Rahul Gandhi and Sandeep Dikshit's remarks referencing Italian PM Giorgia Meloni. MEA emphasizes strong and expanding bilateral ties between India and Italy. BJP leaders, including Devendra Fadnavis and Pralhad Joshi, strongly condemn Gandhi's remarks.