കോടതി നടപടികൾക്കായി ഇന്ത്യയിലെത്തി; വാൻഡൈക്കിന് വീണ്ടും യു.എസിലേക്ക് മടങ്ങാൻ അനുമതി, വിമർശിച്ച് കോൺഗ്രസ്

വാഷിങ്ടൺ: യു.എസ്. പൗരനായ മാത്യു ആരൺ വാൻഡൈക്കിന് നാട്ടിലേക്ക് മടങ്ങാൻ അനുമതിനൽകി ഡൽഹിയിലെ റൗസ് അവന്യൂ കോടതി. കോടതി നടപടികളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ തിരിച്ചെത്തിയശേഷമാണ് വീണ്ടും യു.എസിലേക്ക് പോകാൻ അനുമതി ലഭിച്ചത്. അതേസമയം കേസിൽ പ്രതികളായ ആറ് യുക്രൈൻ പൗരർക്ക് ഇന്ത്യക്ക് പുറത്ത് തുടരാനുള്ള അനുമതി ഫെബ്രുവരി 24-ന് നടക്കുന്ന അടുത്ത വാദംവരെ നീട്ടിയതായും വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
മ്യാന്മറിലെ വംശീയ സായുധസംഘങ്ങൾക്ക് ആയുധപരിശീലനവും ഡ്രോൺ യുദ്ധമുറകളിൽ പരിശീലനവും നൽകിയെന്ന ആരോപണം നേരിടുന്നയാളാണ് വാൻഡൈക്ക്. കുടുംബത്തെ കാണുന്നതിനായി നേരത്തേ ഒരുമാസത്തേക്ക് യു.എസിലേക്ക് പോവാൻ ഇദ്ദേഹത്തെ കോടതി അനുവദിച്ചിരുന്നു. ജാമ്യംലഭിച്ചതോടെ സെപ്റ്റംബർ 24-നാണ് തിഹാർ ജയിലിൽനിന്ന് വാൻഡൈക്ക് പുറത്തിറങ്ങിയത്.
മ്യാന്മറിലേക്ക് യാത്രചെയ്ത് അവിടത്തെ വംശീയ സായുധസംഘങ്ങൾക്ക് പരിശീലനം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) വാൻഡൈക്കിനെയും യുക്രൈൻ പൗരരെയും അറസ്റ്റുചെയ്തത്. വാൻഡൈക്കിനെ കൊൽക്കത്ത വിമാനത്താവളത്തിൽനിന്നും യുക്രൈൻ പൗരരെ ഡൽഹി, ലഖ്നൗ വിമാനത്താവളങ്ങളിൽനിന്നും കസ്റ്റഡിയിലെടുത്തു. സംഘം അനധികൃതമായി മിസോറമിലെത്തുകയും അവിടെനിന്ന് മ്യാന്മറിലേക്ക് കടന്നെന്നുമാണ് എൻ.ഐ.എ. ആരോപിക്കുന്നത്.
ഇവർക്കെതിരേ യു.എ.പി.എ. ചുമത്തിയെങ്കിലും നിശ്ചിത കാലയളവിനുള്ളിൽ അത് തെളിയിക്കാൻ കഴിയാതിരുന്നതോടെ വാൻഡൈക്കിന് കോടതി ജാമ്യം അനുവദിച്ചു. ഡൽഹിയിൽതന്നെ തുടരണമെന്നും എൻ.ഐ.എ. ആവശ്യപ്പെടുമ്പോൾ ചോദ്യംചെയ്യലിന് ഹാജരാവണമെന്നുമായിരുന്നു ജാമ്യവ്യവസ്ഥ. തുടർന്നാണ് കുടുംബത്തെ കാണാൻ യു.എസിലേക്ക് പോവാൻ അനുമതി തേടിയത്. പിന്നീട് ഏഴുപേർക്കും ഒരുമാസത്തേക്ക് സ്വന്തം രാജ്യങ്ങളിലേക്ക് പോവാൻ അനുമതിനൽകി. പുതിയ ഉത്തരവിലൂടെ വാൻഡൈക്കിന് വീണ്ടും യു.എസിൽ പോവാനും യുക്രൈൻ പൗരർക്ക് ഫെബ്രുവരി 24വരെ ഇന്ത്യക്ക് പുറത്ത് തുടരാനും അനുമതിനൽകിയിരിക്കുകയാണ്. യു.എ.പി.എ. പോലുള്ള കുറ്റങ്ങൾ ചുമത്താതിരുന്നത് യു.എസിന്റെ സമ്മർദം വഴങ്ങിയാണെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഈ വിഷയത്തിൽ ഉയർത്തുന്ന വിമർശനം.
Content Highlights: Delhi's Rouse Avenue court allowed US national Matthew VanDyke to travel to the United States., Court extended permission for six Ukrainian nationals to stay outside India until February 24.