തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് പിടിയിൽ

#ന്യൂസ് ഡെസ്ക്
മിഹിര്‍ ബെസ്ര
മിഹിര്‍ ബെസ്ര

റാഞ്ചി: സർക്കാർ ഒരുകോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോവാദി ഝാർഖണ്ഡിലെ ധൻബാദിൽ പിടിയിൽ. ഗിരിധ് സ്വദേശിയായ മിഹിർ ബെസ്രയാണ് ചൊവ്വാഴ്ച പിടിയിലായത്. ഗിരിധ്- ധൻബാദ് അതിർത്തി പ്രദേശത്തുനിന്ന് മോച്ചു, സൗരഭ് എന്നീ മാവോയിസ്റ്റുകൾക്കൊപ്പമാണ് ബെസ്രയെ പിടികൂടിയത്. ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ‍ മാവോവാദ പ്രവർത്തനങ്ങളുടെ മുഖ്യസൂത്രധാരൻ ആയിരുന്ന ബെസ്രയെ വിവിധ സുരക്ഷാ ഏജൻസികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

പല സംസ്ഥാനങ്ങളിലായി കൊലപാതകം, പിടിച്ചുപറി, സുരക്ഷാസേനയ്ക്കു നേരേയുള്ള അക്രമണം, ഐഇഡി സ്‌ഫോടനം തുടങ്ങി പന്ത്രണ്ടോളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരും വിവിധ സംസ്ഥാനസർക്കാരുകളും ചേർന്ന് ഇയാളെ പിടിച്ചുകൊടുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കൊൽഹൻ, സാരന്ദ, പരസ്‌നാഥ് തുടങ്ങിയ പ്രദേശങ്ങളിൽ വളരെ സ്വാധീനമുള്ളയാളായിരുന്നു ബെസ്ര. സംഘടനയുടെ തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും വിവിധ സംസ്ഥാനങ്ങളിലെ മാവോവാദി ശൃംഖലകളെ നിയന്ത്രിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിരുന്നു. സമീപകാലത്ത് അടുത്ത അനുയായികളിൽ പലരും കീഴടങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തതോടെ ബെസ്രയുടെ പ്രവർത്തനം ദുർബലപ്പെട്ടിരുന്നു. സുരക്ഷാ ഏജൻസികൾ ബെസ്രയ്‌ക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച 16 മാവോവാദികൾ ഝാർഖണ്ഡ് പോലീസിനുമുന്നിൽ കീഴടങ്ങിയിരുന്നു. ഇതിൽ ആറുപേരുടെ തലയ്ക്ക് 39 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 128 കേസുകളിൽ പ്രതിയായ ബസുദേവ് ദാ എന്നറിയപ്പെടുന്ന ദിലീപും കീഴടങ്ങിയവരിൽ പെടുന്നു. ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് സബ് സോണൽ കമ്മിറ്റി അംഗങ്ങളും രണ്ട് ഏരിയ കമ്മിറ്റി ഭാരവാഹികളും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.

Content Highlights: Mihir Besra, carrying a 1 crore bounty, was arrested in Dhanbad., Besra was a key strategist for Maoist networks across Jharkhand, Bihar, Odisha, and Chhattisgarh., He is accused in over 12 cases including murder and IED blasts., 16 additional Maoists surrendered to Jharkhand police on the same day., The arrests reflect intensified security operations against regional Maoist networks.