കേന്ദ്ര സര്‍ക്കാര്‍ സ്ഥലംനല്‍കി, സമ്മതം അറിയിച്ച് കുടുംബം; മന്‍മോഹന് രാജ്ഘട്ടിനടുത്ത് സ്മാരകമുയരും

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് രാജ്ഘട്ടിനടുത്ത് രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്മാരകമുയരും. ഇവിടെ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ 900 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്മാരകനിര്‍മാണത്തിന് സമ്മതമാണെന്ന് മന്‍മോഹന്റെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും മക്കളായ ഉപീന്ദര്‍ സിങ്ങും ദമന്‍ സിങ്ങും കഴിഞ്ഞയാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു.
തുടര്‍ന്ന് സര്‍ക്കാരിന് അവര്‍ ഔദ്യോഗികമായി സമ്മതപത്രം കൈമാറി. യമുനാതീരത്തെ നിഗംബോധ്ഘട്ടിലാണ് മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം നടന്നത്. രാഷ്ട്രീയ സ്മൃതിസ്ഥല്‍ സമാധി കോംപ്ലക്സില്‍ രണ്ട് പ്ലോട്ടുകളാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇതിലൊന്ന്, അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്മാരകത്തിനായി അനുവദിച്ചു. ഒന്‍പത് സമാധിസ്ഥലങ്ങളാണ് രാഷ്ട്രീയ സ്മൃതിസ്ഥലില്‍.
എല്ലാ സ്മൃതികുടീരങ്ങള്‍ക്കും ഒരേ ശില്പമാതൃകയാണ്. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെയും മുന്‍രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്റെയും സ്മാരകങ്ങള്‍ക്ക് മധ്യത്തിലായാണ് മന്‍മോഹന്റെ സ്മാരകത്തിന് കണ്ടുവെച്ചിരിക്കുന്ന സ്ഥലം. ഇരുവശങ്ങളിലുമായി മുന്‍രാഷ്ട്രപതിമാരായ ഗ്യാനി സെയില്‍സിങ്ങിന്റെയും പ്രണബ് മുഖര്‍ജിയുടെയും സ്മാരകങ്ങള്‍. ട്രസ്റ്റിനാണ് സ്ഥലമനുവദിക്കുക. സ്മാരകനിര്‍മാണത്തിനായി ട്രസ്റ്റിന് 25 ലക്ഷം രൂപയുടെ ഒറ്റത്തവണ ഗ്രാന്റിന് അപേക്ഷിക്കാം.
മുന്‍രാഷ്ട്രപതിമാര്‍, ഉപരാഷ്ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍ എന്നിവരുടെ സ്മാരകങ്ങള്‍ക്കായി രാജ്ഘട്ടിന് സമീപം പൊതുവായ സ്ഥലം അനുവദിക്കാന്‍ തീരുമാനമെടുത്തത് 2013 മേയ് 16-ന് ഡോ. മന്‍മോഹന്‍സിങ് മന്ത്രിസഭയായിരുന്നു.
ബെംഗളൂരു സിറ്റി സര്‍വകലാശാലയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ പേര്
ബെംഗളൂരു: ബെംഗളൂരു സിറ്റി സര്‍വകലാശാലയുടെ പേര് ഡോ. മന്‍മോഹന്‍ സിങ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് സിദ്ധരാമയ്യ ബജറ്റില്‍ പ്രഖ്യാപിച്ചു. ബെംഗളൂരു സെന്‍ട്രല്‍ സര്‍വകലാശാലയെന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പേരിലുള്ള രാജ്യത്തെ ആദ്യ സര്‍വകലാശാലയാകും ഇത്. 2024 ഡിസംബര്‍ 26-നാണ് മന്‍മോഹന്‍ സിങ് അന്തരിച്ചത്.
Content Highlights: A memorial for former PM Manmohan Singh will be built near Rajghat. His family approved the plot