'സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ പ്രഭാത ചായ'; ജയിൽ മോചിതനായശേഷം മനീഷ് സിസോദിയയുടെ ആദ്യ കുറിപ്പ്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയില്‍ മോചിതനായ സന്തോഷം സാമൂഹികമാധ്യമത്തിൽ പങ്കുവച്ച് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ. ഭാര്യയുടെ കൂടെ ചായ ആസ്വദിക്കുന്ന ചിത്രത്തിനൊപ്പം 'സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ പ്രഭാത ചായ' എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
'ജീവിക്കാനുള്ള അവകാശത്തിൻ്റെ ഉറപ്പായി ഭരണഘടന എല്ലാ ഇന്ത്യക്കാർക്കും നൽകിയ സ്വാതന്ത്ര്യം... എല്ലാവർക്കുമൊപ്പം ജീവവായു ശ്വസിക്കാൻ ദൈവം നൽകിയ സ്വാതന്ത്ര്യം..', അദ്ദേഹം എക്സിൽ കുറിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സിസോദിയയ്ക്ക് കോടതി കഴിഞ്ഞദിവസം ജാമ്യം നല്‍കിയത്.
Content Highlights: Manish Sisodia's First Post After Release From Jail