കുക്കി-മെയ്തി സംഘർഷമേഖലയിൽ പോത്തിനെ കാണാതായി; കേന്ദ്രസേനയിറങ്ങി, ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ; ആശങ്ക

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ഗുവാഹാട്ടി: മണിപ്പൂരിൽ പോത്തിനെ കാണാതായതിനെത്തുടർന്ന് ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ച് വൻ തിരച്ചിൽ. കുന്നിൻ ചെരിവുകളും കാടുകളും നെൽപ്പാടങ്ങളുമെല്ലാം ഡ്രോണുപയോഗിച്ച് പരിശോധിക്കുകയാണ് സുരക്ഷാ സേനാംഗങ്ങൾ. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള കാങ്‌പോക്പി ജില്ലയിൽ താമസിക്കുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ള പോത്തിനെയാണ് കാണാതായത്.

മെയ്‌തി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിൽ അജ്ഞാതർ പോത്തിനെ പിടിച്ചുകൊണ്ടുപോയെന്ന അഭ്യൂഹം പ്രചരിച്ചതിനു പിന്നാലെയാണ് തിരച്ചിൽ ഊർജിതമാക്കിയത്. രണ്ട് വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനാൽ ഏത് സമയത്തും സംഘർഷം പൊട്ടിപ്പുറപ്പെടാമെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് നീക്കം. കുക്കി, മെയ്‌തെയ് വിഭാഗങ്ങൾക്ക് സ്വാധീനമുള്ള അതിർത്തി ഗ്രാമങ്ങളിൽനിന്നാണ് പോത്തിനെ കാണാതാവുന്നത്.

പോത്തിനെ കാണാതായെന്ന വിവരം ലഭിച്ചതോടെ പോലീസും സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നാലെ പോത്തിനായി തിരച്ചിൽ ആരംഭിച്ചു. സുരക്ഷാസേനയുടെ അപ്രതീക്ഷിത വരവ് പ്രദേശവാസികൾക്കിടയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായി. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ, ആരുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് ഒരു പ്രദേശവാസി ചോദിക്കുന്നത് കേൾക്കാം.

കുക്കി കുന്നിൻപ്രദേശങ്ങളിൽനിന്ന് ചില പോത്തുകൾ മെയ്തി വിഭാഗക്കാരുടെ നെൽപ്പാടങ്ങളിലേക്ക് ഇറങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. നെൽപ്പാടങ്ങളിൽനിന്ന് പോത്തുകളെ ഓടിച്ചുവിട്ടെങ്കിലും ഒന്നിനെ കാണാതായി. ഇതോടെയാണ് പോത്തിനെ ആരോ പിടിച്ചുകൊണ്ടുപോയെന്ന അഭ്യൂഹം പരന്നത്. എന്നാൽ, അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കാണാതായ പോത്തിനെ പിന്നീട് കണ്ടെത്തി ഉടമയ്ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: A missing buffalo in a Kuki-Meitei fringe area of Manipur triggered security mobilization., Rumors of the animal's capture by unknown individuals raised fears of a flare-up.