മണിപ്പൂരിൽ വീണ്ടും ബിജെപി സർക്കാർ; യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും, ഡൽഹിയിൽ പ്രഖ്യാപനം

#ന്യൂസ് ഡെസ്ക്
യുംനം ഖേംചന്ദ് | ഫയല്‍ചിത്രം | ഫോട്ടോ: എഎന്‍ഐ
യുംനം ഖേംചന്ദ് | ഫയല്‍ചിത്രം | ഫോട്ടോ: എഎന്‍ഐ

ന്യൂഡൽഹി/ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നതോടെ ബിജെപി സർക്കാർ രൂപവത്കരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. പുതിയ സർക്കാർ രൂപവത്കരിക്കുമ്പോൾ ബിജെപിയുടെ യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് യുംനം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്.

മണിപ്പൂരിൽനിന്നുള്ള ബിജെപി എംഎൽഎമാരുമായും എൻഡിഎ നേതാക്കളുമായും ബിജെപി നേതൃത്വം ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂരിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകനായ തരുൺ ചുംഗ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പാത്ര തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിനുശേഷമാണ് ബിജെപി എംഎൽഎയായ യുംനം ഖേംചന്ദിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തെന്ന പ്രഖ്യാപനം നടത്തിയത്.

ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത യുംനം ഖേംചന്ദ് ആദ്യം 2017-ലും പിന്നീട് 2022-ലും എംഎൽഎയായി. 2017-ൽ നിയമസഭാ സ്പീക്കറായ അദ്ദേഹം 2022-ലെ ബിരേൻസിങ് സർക്കാരിൽ മന്ത്രിയായിരുന്നു.

വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. 2026 ഫെബ്രുവരി 13-ന് രാഷ്ട്രപതി ഭരണം അവസാനിക്കും. ഇതിനുമുൻപായി സർക്കാർ രൂപവത്കരിക്കാനാണ് ബിജെപിയുടെ ശ്രമം.

Content Highlights: BJP gears up to form a new government in Manipur as President`s Rule ends. Yumnam Khemchand chosen as legislative party leader. Learn more about the political developments.