മംഗളൂരുവിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് മരണം

വീടിന് മുകളിൽ മണ്ണിടിഞ്ഞിടത്ത് രക്ഷാപ്രവർത്തനം, മരിച്ച നയീമ
വീടിന് മുകളിൽ മണ്ണിടിഞ്ഞിടത്ത് രക്ഷാപ്രവർത്തനം, മരിച്ച നയീമ

മംഗളൂരു: ദക്ഷിണ കന്നഡയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് മരണം. ഒരു കുടുംബത്തിലെ രണ്ടുപേർ അടക്കമാണ് നാലുപേർ മരിച്ചത്. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലമേഖലകളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് കനത്ത മഴയിൽ മംഗളൂരു ഉള്ളാളിൽ മതിലിടിഞ്ഞ് പത്തുവയസുകാരി മരിച്ചത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ബൽമ കനകരെയിലെ നൗഷാദിന്റെ മകൾ നയീമയാണ് മരിച്ചത്. മതിലിടിഞ്ഞ് ജനലിൽ കൂടി മണൽ വീടിനകത്തേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.

മംഗളൂരുവിലുണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമയാണ് മരിച്ചത്. ഉള്ളാൾ മേഖലയിൽതന്നെ ഉണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. മൂന്ന് വയസ് പ്രായമുള്ള കുട്ടിയടക്കം രണ്ടുപേരാണ് മരിച്ചത്. വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീഴുകയായിരുന്നു. 

ദക്ഷിണ കർണാടകയിൽ കനത്ത മഴയാണ്. ശക്തമായ മഴ തുടരുന്ന മംഗളൂരുവിലും തലപ്പാടി, കുമ്പള, ഉപ്പള അടക്കമുള്ള അതിർത്തിപ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഉള്ളാൾ താലൂക്കിൽ കനത്ത മഴ തുടരുകയാണ്. പല വീടുകളും വെള്ളത്തിനടിയിലാണ്. കല്ലാപു, ധർമ്മനഗര, തലപ്പാടി, മോൺടെപദവു അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കള്ളാപ്പുവിൽ മാത്രം അൻപതോളം വീടുകളെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഉള്ളാൾ താലൂക്ക് തഹസിൽദാർ പുട്ടരാജു, റെവന്യു ഇൻസ്പെക്ടർ പ്രമോദ്, സോമേശ്വര ടൌൺ മുൻസിപ്പൽ ചീഫ് ഓഫീസർ മുത്തടി, വില്ലേജ് അക്കൌണ്ടന്റ് സുരേഷ് എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥർ മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിച്ചു. പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Four deaths reported in Mangalore due to landslides triggered by heavy rainfall in Dakshina Kannada