മണപ്പുള്ളിക്കാവ് കല്യാണമണ്ഡപം: ദേവസ്വത്തിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: പാലക്കാട് കിഴക്കേയാക്കര ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രത്തോട് ചേർന്നുള്ള ഭഗവതി കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നോട്ടീസ്. ദേവസ്വം സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ശ്രീ മണപ്പുള്ളി ഭഗവതി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഫയൽ ചെയ്ത ഹർജിയിലാണ് ശ്രീ മണപ്പുള്ളി ഭഗവതി സേവാസമിതി ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ഭക്തരിൽനിന്ന് ഭഗവതിയുടെ പേരിൽ പിരിച്ച പണം ഉപയോഗിച്ച് 1983-ൽ സേവാസമിതി നിർമ്മിച്ചതാണ് കല്യാണമണ്ഡപമെന്നാണ് ദേവസ്വത്തിന്റെ വാദം. ഇത് ക്ഷേത്രത്തിന്റെ മതപരമായ എൻഡോവ്‌മെന്റാണെന്ന് കണ്ടെത്തിയ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ, 2010 ജൂൺ 30-ന് മണ്ഡപം ദേവസ്വത്തിന് കൈമാറാൻ സമിതിയോട് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് 2014-ൽ പാലക്കാട് സബ് കോടതി റദ്ദാക്കി.
സബ് കോടതി വിധിക്കെതിരെ ദേവസ്വം നൽകിയ അപ്പീൽ 1180 ദിവസം വൈകിയെന്ന കാരണത്താൽ കേരള ഹൈക്കോടതി 2026 മാർച്ച് 3-ന് തള്ളി. കേസിന്റെ മെറിറ്റ് പരിഗണിക്കാതെയായിരുന്നു ഇത്. തുടർന്നാണ് ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം ഭഗവതിയുടെ സ്വത്ത് നഷ്ടപ്പെടരുതെന്ന് ദേവസ്വത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷും അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണിയും വാദിച്ചു. നിയമപരമായി ദേവത സ്ഥിരം മൈനറാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഭഗവാന്റെ പേരിൽ പിരിവ് നടത്തി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഭഗവാനാണെന്ന് വ്യക്തമാക്കിയ എറണാകുളത്തപ്പൻ ഗ്രൗണ്ട് കേസിലെ വിധിയും സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
Content Highlights: Supreme Court issued a notice on the Devaswom petition regarding the ownership of Manappullikkavu Kalyana Mandapam., Kerala High Court had earlier dismissed the Devaswom appeal in March 2026 citing a delay of 1180 days., Devaswom argues the mandapam is a religious endowment funded by devotees and built in 1983., Senior counsel argued that legally the deity is a permanent minor and temple property should not be lost.