40മീ. നീളത്തില്‍ തുരങ്കമുണ്ടാക്കി IOCയുടെ പൈപ്പില്‍നിന്ന് എണ്ണചോര്‍ത്തല്‍; ഡല്‍ഹി സ്വദേശി പിടിയില്‍

Photo : X / @ANI
Photo : X / @ANI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസിഎല്‍) പൈപ്പ്‌ലൈനില്‍ ദ്വാരമുണ്ടാക്കി നാല് മാസമായി എണ്ണ ചോര്‍ത്തിയിരുന്ന 52-കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 40 മീറ്ററോളം നീളത്തില്‍ ഭൂഗര്‍ഭതുരങ്കം ഉണ്ടാക്കിയായിരുന്നു ഇയാളുടെ എണ്ണ ചോര്‍ത്തല്‍. ഐഒസിഎല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ജൂണ്‍ മാസം മുതല്‍ ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ എണ്ണയൂറ്റലാണ് നടന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പോചന്‍പുര്‍ കോളനിയിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനില്‍ നിന്നായിരുന്നു ചോര്‍ത്തല്‍ നടത്തിവന്നത്. ഭൂമിക്കടിയില്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ചിരുന്ന പൈപ്പ്‌ലൈനിലേക്ക് തുരങ്കമുണ്ടാക്കിയ പ്രതി പൈപ്പ്‌ലൈനില്‍ ദ്വാരമുണ്ടാക്കി അതില്‍ മറ്റൊരു പൈപ്പ് ഘടിപ്പിച്ച് എണ്ണ അതിലൂടെ ചോര്‍ത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ പേര് രാകേഷ് അഥവാ ഗോലു എന്നാണെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്പനി നടത്തിയ പരിശോധനയില്‍ എണ്ണയുടെ അളവില്‍ വ്യത്യാസം കണ്ടെത്തുകയും പോചന്‍പുര്‍ ഭാഗത്ത് എണ്ണമോഷണം സംശയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബര്‍ 29 ന് പരാതി നല്‍കിയത്. പ്രദേശത്ത് പരിശോധന നടത്തിയ പോലീസ് ഐഒസിയുടെ പൈപ്പ്‌ലൈനില്‍ മറ്റൊരു പൈപ്പ്‌ലൈന്‍ ഘടിപ്പിച്ചത് കണ്ടെത്തി. ഈ പൈപ്പ് എത്തിച്ചേരുന്നത് പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. കൂടാതെ തുരങ്കനിര്‍മാണത്തിനും പൈപ്പ് ഘടിപ്പിക്കുന്നതിനും ഉപയോഗിച്ച ഉപകരണങ്ങള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. 
 

Content Highlights: Man Stole Oil Worth Lakhs from IOCL Pipeline, Dwaraka, Delhi