യുവതിയുടെ ദേഹത്ത് മുട്ടിയെന്നാരോപണം; മര്‍ദനത്തിനിടെ യുവാവ് ട്രാക്കിലേക്ക് വീണു, ദാരുണാന്ത്യം | VIDEO

യുവാവ് അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍
യുവാവ് അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍

മുംബെെ: സയൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും ട്രാക്കിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരൻ ദിനേഷ് റാത്തോഡ് (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒരു യുവതിയും ഒപ്പമുണ്ടായിരുന്ന ആളും മര്‍ദിക്കുന്നതിനിടെയാണ് യുവാവ് ട്രാക്കിലേക്ക് വീണതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ശീതൾ മാനെ എന്ന യുവതിയുടെ മേൽ ദിനേഷ് വന്ന് ഇടിച്ചതായാണ് ആരോപണം. തുടർന്ന് ശീതൾ തന്റെ കെെയ്യിലുണ്ടായിരുന്നു കുട വച്ച് ഇയാളെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പിന്നാലെ ഇവരുടെ ഭർത്താവും ഇയാളെ അടിച്ചതോടെ ദിനേഷ് ബാലൻസ് തെറ്റി ട്രാക്കിലേക്ക് വീണു.

ഇതോടെ യുവാവിനെ രക്ഷിക്കാനായി യാത്രക്കാർ ബഹളം വയ്ക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാൻ ഇയാൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അപകടമരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇയാൾ അടിയേറ്റതിന് ശേഷമാണ് ട്രാക്കിലേക്ക് വീണതെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് ശീതളിനെയും ഭർത്താവ് അവിനാഷ് മാനെയെയും അറസ്റ്റുചെയ്തു.

Warning. Some viewers may find this video disturbing

Content Highlights: Man Beaten Up At Mumbai Station, Falls On Tracks, Gets Run Over By Train