പോലീസ് തന്നെ അന്വേഷിച്ചിരുന്നെങ്കില്‍ വധശിക്ഷ ലഭിച്ചേനെ, കേസ് ഞങ്ങളില്‍നിന്ന് എടുത്തുമാറ്റി- മമത

മമതാ ബാനര്‍ജി | Photo: PTI
മമതാ ബാനര്‍ജി | Photo: PTI

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജ് ബലാത്സംഗ കേസില്‍ കേസന്വേഷണം കൊല്‍ക്കത്ത പോലീസില്‍നിന്ന് എടുത്തുമാറ്റിയില്ലായിരുന്നുവെങ്കില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിയായ സഞ്ജയ് റോയിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി വന്നതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.

'ആദ്യ ദിവസം മുതല്‍തന്നെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളാവശ്യപ്പെട്ടിരുന്നത്. ഇപ്പോഴും ആവശ്യപ്പെടുന്നു. പക്ഷെ, കോടതിവിധി വന്നുകഴിഞ്ഞു. പാര്‍ട്ടിയുടെ നിലപാടാണ് ഞാന്‍ പറയുന്നത്. 60 ദിവസം കൊണ്ട് മൂന്ന് കേസുകളില്‍ ഞങ്ങള്‍ പ്രതികള്‍ക്ക് വധശിക്ഷ വാങ്ങിച്ചുകൊടുത്തിട്ടുണ്ട്. ഈ കേസ് ഞങ്ങളുടെ കയ്യില്‍തന്നെയായിരുന്നെങ്കില്‍ ഞങ്ങള്‍ വധശിക്ഷ ഉറപ്പുവരുത്തുമായിരുന്നു', മമത പറഞ്ഞു.

ഈ കേസ് ഞങ്ങളില്‍നിന്ന് എടുത്തുമാറ്റുകയായിരുന്നു. നീതി നടപ്പാകണം എന്നാഗ്രഹമുള്ളതുകൊണ്ടാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. വിധിയില്‍ താന്‍ തൃപ്തയല്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി. 

2024 ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് കൊല്‍കത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി ഇടപെടലിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്.

കേസ് പരിഗണിച്ച കൊല്‍ക്കത്ത സീല്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വിമര്‍ശനമുയര്‍ന്നിരുന്നു. 17 ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി വ്യക്തമാക്കിരുന്നു. എന്നാല്‍, നഷ്ടപരിഹാരം വേണ്ടെന്ന് ഡോക്ടറുടെ കുടുംബം അറിയിച്ചു. റോയ് ഒറ്റക്കല്ല കുറ്റകൃത്യം നടത്തിയതെന്നാണ് ഡോക്ടറുടെ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നത്. അതിനാല്‍ വിധിയില്‍ അവര്‍ പൂര്‍ണ തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Content Highlights: mamata banerjee reacts to rg kar case verdict