മമതാ ബാനർജിയെ ആക്രമിക്കാൻ ശ്രമിച്ചതായി തൃണമൂൽ, യുവതി കസ്റ്റഡിയിൽ

#ന്യൂസ് ഡെസ്ക്
മമത ബാനർജി | ഫോട്ടോ - പി.ടി.ഐ.
മമത ബാനർജി | ഫോട്ടോ - പി.ടി.ഐ.

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ ആക്രമിക്കാൻ ശ്രമിച്ചതായി തൃണമൂൽ കോൺഗ്രസ്. ചൊവ്വാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ വസതിക്ക് പുറത്തിറങ്ങിയ മമതാ ബാനർജിയെ ഒരു സ്ത്രീ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതായാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.

യുവതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. തന്നിഷ്ഠ സാഹ എന്ന യുവതിയാണ് ആക്രമണത്തിന് പിന്നിൽ. യുവതി ഒരു സിവിക് വോളന്റിയറാണ്. ഗതാഗത നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം, പൊതു സുരക്ഷാ ചുമതലകൾ എന്നിവയിൽ സഹായിക്കുന്നതിനായി പശ്ചിമ ബംഗാൾ പൊലീസും കൊൽക്കത്ത പൊലീസും നിയോഗിച്ചിട്ടുള്ള കരാർ ജീവനക്കാരാണ് സിവിക് വോളന്റിയർമാർ.

അവർ മമതാ ബാനർജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടതായി പാർട്ടി ജനറൽ സെക്രട്ടറി ഡോല സെൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് വസതിയിൽ നിന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പുറത്തിറങ്ങിയപ്പോൾ, സാഹ അസഭ്യ വർഷം ചൊരിയുകയും അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള വസതിക്ക് സമീപത്തേക്ക് ഒരാൾക്ക് എങ്ങനെ എത്തിച്ചേരാനാകുമെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ നേതാക്കൾ പറയുന്നു.