ഡൽഹി പിടിച്ചെടുക്കുമെന്ന് മമത; ‘ബംഗാളിൽ എന്തെങ്കിലും ബാക്കി ഉണ്ടെങ്കിലല്ലേ’, പരിഹസിച്ച് അമിത് ഷാ

#ന്യൂസ് ഡെസ്ക്
അമിത് ഷാ, മമത ബാനർജി | Photos: ANI
അമിത് ഷാ, മമത ബാനർജി | Photos: ANI

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദം കനക്കുന്നത്. ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണമാണ് മമത ബാനർജി അഴിച്ചുവിട്ടത്. ഇതിന് പരിഹാസം കലർന്ന മറുപടികളുമായി അമിത് ഷായും രംഗത്തുണ്ട്.

ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം തന്റെ ശ്രദ്ധ ഡൽഹിയിലേക്ക് മാറ്റുമെന്നാണ് മമതയുടെ ഏറ്റവും പുതിയ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ഡൽഹി ഭരണം ലക്ഷ്യമിടുമെന്നും പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിച്ച് കേന്ദ്രത്തിൽ ബിജെപിയെ താഴെയിറക്കുമെന്നും മമത പ്രഖ്യാപിച്ചു. ഈ പരാമർശത്തെ അമിത് ഷാ, അമിത് ഷാ, ബംഗാളിൽ മമതയ്ക്ക് ഒന്നും ബാക്കിയുണ്ടാകില്ലെന്ന് പറഞ്ഞ് പരിസഹിച്ചു.

കൊൽക്കത്തയിലെ ചൗരംഗി ഏരിയയിൽ നടന്ന റാലിയിൽ സംസാരിക്കവെ ആയിരുന്നു മമതയുടെ ഈ പ്രസ്താവന. തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയും രണ്ടുതവണ സിറ്റിംഗ് എംഎൽഎയുമായ നയന ബന്ദോപാധ്യായയ്ക്ക് വേണ്ടിയാണ് മമത അവിടെ പ്രചാരണം നടത്തിയത്.

'ഇത് ഓർത്തുകൊള്ളൂ, നിങ്ങൾക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല. ഞങ്ങൾ അനീതിക്കെതിരെ പോരാടുന്നു, ഞങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടുന്നു. ഞാൻ ജനിച്ചത് ബംഗാളിലാണ്, എന്റെ അവസാന ശ്വാസവും ഈ ബംഗാളിലായിരിക്കും. ബംഗാളിൽ വിജയം ഉറപ്പിച്ചുകഴിഞ്ഞാൽ ഞാൻ ഡൽഹി പിടിച്ചെടുക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും അണിനിരത്തിക്കൊണ്ട് ഞാൻ അത് ചെയ്യും.' അവർ പറഞ്ഞു.

'എനിക്ക് അധികാരക്കസേര വേണ്ട, ഡൽഹിയിൽ ബിജെപി പൂർണമായും ഇല്ലാതാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ബംഗാളിൽ അവരുടെ തകർച്ച അനിവാര്യമാണ്, ഡൽഹിയിൽ നിന്നും ബിജെപിയെ പുറത്താക്കണം.' 15 വർഷമായി മുഖ്യമന്ത്രി സ്ഥാനത്തുള്ള മമത പറഞ്ഞു.

ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരുടെയും പേരുകൾ താൻ കുറിച്ചുവെച്ചിട്ടുണ്ടെന്നും, കുടുംബ പശ്ചാത്തലം പരിശോധിച്ചാണ് ബിജെപി ആളുകളെ പാർട്ടിയിലേക്ക് എടുക്കുന്നതെന്നും അവർ ആരോപിച്ചു. 

കൊൽക്കത്തയിൽ പ്രചാരണം നടത്തുന്ന മുതിർന്ന ബിജെപി നേതാവ് അമിത് ഷാ ഈ പ്രസ്താവനയെ തമാശയായി തള്ളിക്കളയുകയാണ് ചെയ്തത്. മമതയുടെ ഈ അവകാശവാദത്തെ പരിഹസിച്ച അമിത് ഷാ, ബംഗാളിൽ തൃണമൂലിന് നിലനില്പില്ലെന്നും പിന്നെങ്ങനെയാണ് ഡൽഹിയിൽ എത്തുകയെന്നും ചോദിച്ചു.

വാർത്താ സമ്മേളനത്തിൽ മമതയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഇവിടെ (ബംഗാളിൽ) ഇനി ഒന്നും ബാക്കിയില്ല. പിന്നെ അവർ എങ്ങനെ ഡൽഹിയിലേക്ക് വരും? ഞാൻ ഇതിനെക്കുറിച്ച് എന്ത് പറയാനാണ്?' എന്നായിരുന്നു ചിരിച്ചുകൊണ്ട് അമിത് ഷായുടെ മറുപടി. 

ചൗരംഗി സീറ്റിൽ ഏപ്രിൽ 29-ന് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ ബംഗാളിൽ 92.8 ശതമാനം വോട്ട് രേഖപ്പെടുത്തി. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 90 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിന് ശേഷമുള്ള റെക്കോർഡ് പോളിംഗ് ആണിത്.

Content Highlights: Mamata Banerjee announces plans to unite opposition to dismantle BJP in Delhi. Amit Shah dismisses Banerjee's national ambitions as unrealistic. High voter turnout of 92.8% recorded in the first phase of Bengal polls. Chowringhee constituency set to vote in the second phase on April 29.