ഇലക്ട്രിക് സ്റ്റൗ പൊട്ടിത്തെറിച്ചു, പേടിച്ച് വൈദ്യുതബന്ധം വിച്ഛേദിച്ചു- പാചകക്കാരന്റെ വെളിപ്പെടുത്തൽ

#ന്യൂസ് ഡെസ്ക്
പോലീസ് കസ്റ്റഡിയിലുള്ള കേശവ് നെഗി | Photo: ANI | തീപ്പിടിത്തമുണ്ടായ ഹോട്ടലിന്റെ ദൃശ്യം | Photo: AP
പോലീസ് കസ്റ്റഡിയിലുള്ള കേശവ് നെഗി | Photo: ANI | തീപ്പിടിത്തമുണ്ടായ ഹോട്ടലിന്റെ ദൃശ്യം | Photo: AP

ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തെ സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്ത്. 13 വിദേശികളടക്കം 21 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗറിലെ ഹോട്ടലിലെ തീപ്പിടിത്തത്തിന് കാരണക്കാരനായ പാചകക്കാരൻ കേശവ് നേഗിയെ ഡൽഹി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചനാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ശനിയാഴ്ച കസ്റ്റഡിയിലെടുത്ത നേഗിയെ ഏകദേശം ആറ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 65-കാരനായ നേഗിയുടെ അശ്രദ്ധയാണ് തീപ്പിടുത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നത്. ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് ചോദ്യം ചെയ്യലിൽ ഇയാൾ നിർണായകമായ വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.

പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ബുധനാഴ്ച രാവിലെ അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓൺ ചെയ്ത ഉടൻ തന്നെ അതിൽ തീ പടരുകയായിരുന്നുവെന്ന് നേഗി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ, സ്റ്റൗ പെട്ടെന്ന് പൊട്ടിത്തെറിച്ചെന്നും തുടർന്ന് കെട്ടിടത്തിലുടനീളം തീ പടർന്നുവെന്നുമാണ് നേഗി നൽകിയിരിക്കുന്ന മൊഴി.

തീ പടർന്നതോടെ പരിഭ്രാന്തനായ നേഗി, ഹോട്ടലിലെ കെട്ടിടത്തിന്റെ പ്രധാന വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മെയിൻ പവർ ഓഫ് ചെയ്തതോടെ കെട്ടിടത്തിലെ ഇലക്ട്രോണിക് ഡോർ ലോക്കിങ് സിസ്റ്റം പ്രവർത്തിക്കാതായതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇതോടെയാണ് ഉള്ളിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിയാതെവന്നത്.

ലോക്കിങ് സിസ്റ്റത്തിന്റെ പങ്കും പവർ ഓഫ് ചെയ്തതിന്റെ ആഘാതവും നിലവിലെ അന്വേഷണത്തിലെ പ്രധാന വശങ്ങളാണ്. സിസ്റ്റം പ്രവർത്തനരഹിതമായതതാണോ ഇത്രയധികം മരണങ്ങൾ സംഭവിക്കാൻ കാരണമായത് എന്നും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ മൊഴികൾ ഫോറൻസിക് തെളിവുകളുമായി ഒത്തുനോക്കി വരികയാണെന്നും ഒളിവിലുള്ള ഹോട്ടൽ മാനേജർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: Cook Keshav Negi arrested for negligence leading to the Malviya Nagar fire. Fire allegedly started after an electric stove explosion in the kitchen. Power shutdown by the cook may have disabled electronic locks, trapping victims., 21 casualties reported, including 13 foreign nationals. Police investigation ongoing regarding the impact of the power cut on rescue operations.