'കൂട്ടസസ്പെൻഷൻ ക്രിമിനൽ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാന്‍'; ജനാധിപത്യം തകർക്കാൻ ശ്രമമെന്ന് ഖാർഗെ

മല്ലികാര്‍ജുന്‍ ഖാര്‍ഗെ | Photo: ANI
മല്ലികാര്‍ജുന്‍ ഖാര്‍ഗെ | Photo: ANI

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ എം.പി.മാര്‍ക്ക് കൂട്ടസസ്‌പെന്‍ഷന്‍ നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിശിതവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ക്രിമിനല്‍ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ ലോക്സഭയുടെ പരിഗണനയ്ക്ക് വെച്ച സാഹചര്യത്തില്‍ സഭയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങളെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് ഖാര്‍ഗെ ആരോപിച്ചു. 

പാര്‍ലമെന്റില്‍ നിന്ന് 141 പ്രതിപക്ഷ എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി എകാധിപത്യത്തെ കൂട്ടുപിടിച്ച് ബി.ജെ.പി. സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന തങ്ങളുടെ ആരോപണത്തെ ശരിവെയ്ക്കുന്നതാണ്. പൗരന്മാരുടെ അവകാശങ്ങളെ തടയുന്ന അതിക്രൂരമായ അധികാരക്രമങ്ങള്‍ അനുവദിക്കുന്ന ക്രിമിനല്‍ നിയമഭേദഗതി പോലെയുള്ള പ്രധാനബില്ലുകള്‍ പരിഗണനയ്ക്കു വെച്ചതായി നമുക്കെല്ലാവര്‍ക്കുമറിയാം. ഈ ബില്ലുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പ്രതിപക്ഷ സ്വരം രാജ്യത്തെ ജനങ്ങള്‍ കേള്‍ക്കാതിരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെല്ലാമാണ് അവര്‍ പയറ്റുന്നത്. 

'പാര്‍ലമെന്റിലുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ച്  കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നും അതേക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്യണമെന്ന ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല'.- മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാം​ഗങ്ങളെയാണ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. 

Content Highlights: mallikarjun kharge slams modi government over mass suspension of mps and criminal law amendment