UPS പദ്ധതിയിലെ 'യു' സൂചിപ്പിക്കുന്നത് മോദി സർക്കാരിന്റെ 'യു-ടേൺ'; പരിഹാസവുമായി കോൺഗ്രസ്

ന്യൂഡൽഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം-യു.പി.എസ്.)ക്ക് അംഗീകാരം നല്‍കിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. യു.പി.എസിലെ 'യു' എന്നത് മോദി സർക്കാരിന്റെ യു-ടേണുകളെ സൂചിപ്പിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു.
ജൂൺ നാലിനുശേഷം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിനുമേൽ ജനങ്ങളുടെ ശക്തിക്ക് പ്രാമുഖ്യം കൈവന്നിരിക്കുന്നു. വഖഫ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയ്ക്ക് അയച്ച നടപടി, ബ്രോഡ്കാസ്റ്റ് ബിൽ, കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നതതസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം (ലാറ്ററൽ എൻട്രി) നടത്താനുള്ള തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ വിമർശനം. 140 കോടി ഇന്ത്യക്കാരെ സ്വേച്ഛാധിപത്യ സർക്കാരിൽനിന്ന് തങ്ങൾ സംരക്ഷിക്കുമെന്നും ഖാർഗെ എക്സിൽ കുറിച്ചു.
ശനിയാഴ്ചയാണ് സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. 2025 ഏപ്രിൽ ഒന്നിന് യു.പി.എസ്. നിലവിൽവരും.
Content Highlights: Mallikarjun Kharge Jabs Centre On Pension Move