കശ്മീരിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഇടപ്പെടൽ, ബന്ധുക്കൾ കശ്മീരിലേക്ക്

#സ്വന്തം ലേഖകൻ
മുഹമ്മദ് ഷാനിബ്
മുഹമ്മദ് ഷാനിബ്

മണ്ണാർക്കാട്: മലയാളി യുവാവിനെ ജമ്മുകശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് കേരളാ പോലീസ്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷിന്റെ നിർദേശപ്രകാരമാണ് സ്വഭാവിക നടപടികളുടെ ഭാ​ഗമായി വിവരങ്ങൾ ശേഖരിച്ചത്. 

പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്ദുൾസമദ്- ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27)  ആണ് മരിച്ചത്. വിദേശത്തുള്ള പിതാവും സഹോദരൻ ഷിഹാബും ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തി. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട്  തൻമാർഗ് സ്‌റ്റേഷനിലെത്തിച്ചേരാനാണ് പോലീസ് നിർദേശിച്ചിട്ടുള്ളത്.  ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിതലത്തിൽ ബന്ധുക്കളെ കാശ്മീരിലെത്തിക്കാനുള്ള ഏർപ്പാടുകളും പൂർത്തിയായിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവർ ഉടനെ കശ്മീരിലേക്ക് തിരിക്കുമെന്നും അറിയിച്ചു.

ഷാനിബിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി കശ്മീരിലെ തൻമാർഗ് സ്റ്റേഷനിൽനിന്നും വിളിച്ചറിയിക്കുകയായിരുന്നു. പുൽവാമയിലെ വനപ്രദേശത്തോടു ചേർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നതെന്നും പത്തുദിവസത്തിലധികം പഴക്കമുണ്ടെന്നും അറിയിച്ചു.  വസ്ത്രത്തിൽനിന്നും ലഭിച്ച ഫോട്ടോയും മേൽവിലാസത്തിൽനിന്നുമാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായത്. തുടർന്ന് ബന്ധുക്കളുമായി ബന്ധപ്പെടുകയായിരുന്നു. അതേസമയം യുവാവ് എങ്ങനെ കാശ്മീരിലെത്തിയെന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. യുവാവിന് ചെറിയതോതിൽ മാനസിക പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഇതിന് മുൻപും ഷാനിബ് വീട്ടുകാരോട് പറയാതെ പോവുകയും തിരിച്ചുവരികയുമുണ്ടായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ 13നാണ് ഷാനിബ് കാഞ്ഞിരപ്പുഴയിലെ വീട്ടിൽനിന്നും അവസാനമായി പോയത്. ബാംഗ്ലൂരിലെ സൂപ്പർമാർക്കറ്റിൽ ജോലിലഭിച്ചെന്നും അങ്ങോട്ടുപോവുകയാണെന്നുമാണ് മാതാവ് ഹസീനയോട് പറഞ്ഞത്. ജോലിത്തിരക്കായിരിക്കുമെന്നും ഫോൺ ചെയ്യരുതെന്നും മെസേജ് അയക്കരുതെന്നും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഷാനിബിന്റെ സഹോദരി ഷിഫാന ബാംഗ്ലൂരിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നുണ്ട്. സഹോദരിയുടെ അടുത്തേക്ക് ഷാനിബും മാതാവും ചിലസമയങ്ങളിൽ പോകാറുണ്ടായിരുന്നു. വീട്ടിൽനിന്നുംപോയ ഷാനിബ് സഹോദരിയുടെ അടുത്തും എത്തിയിട്ടുണ്ടായിരുന്നില്ല. 

ഷിഫാനയും നിരവധിതവണ ഫോണിൽവിളിച്ചെങ്കിലും ഷാനിബ് ഫോണെടുത്തിട്ടില്ലെന്നാണ് വിവരം. ഏറ്റവുമൊടുവിലാണ് കാശ്മീരിൽനിന്ന് മരണം സംബന്ധിച്ച് പോലീസിന്റെ അറിയിപ്പ് ലഭിക്കുന്നത്. ഷാനിബ് ചിലപ്പോൾ അമ്മാവന്റെ മകന്റെ കൂടെ വയറിങ് ജോലികൾക്ക് പോകുമായിരുന്നു. അജ്മാനിൽ ജോലിചെയ്യുന്ന പിതാവിന്റെ കൂടെ മുൻപ്, മൂന്നുമാസം ഒരു സൂപ്പർമാർക്കറ്റിൽ ജോലിചെയ്തിട്ടുണ്ട്. തുടർന്ന് തിരിച്ചുവരികയായിരുന്നു. 

Content Highlights: 27-year-old Malayali man, Muhammed Shanib, was found dead in a forest area Kashmir