എംപിമാരെയും എംഎൽഎമാരെയും ‘ബഹുമാനിക്കണം’; സർക്കാർ ജീവനക്കാർക്ക് പെരുമാറ്റച്ചട്ടവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: പാർലമെന്റ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും കാണുമ്പോൾ സർക്കാർ ജീവനക്കാർ പാലിക്കേണ്ട മര്യാദകളെങ്ങനെയാകണമെന്നതിൽ പെരുമാറ്റച്ചട്ടവുമായി മഹാരാഷ്ട്ര സർക്കാർ. പൊതുഭരണവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ജീവനക്കാരുടെ പെരുമാറ്റം, ആശയവിനിമയം, എന്നിവയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളാണ് നിർദേശിക്കുന്നത്.
എംപിമാരോ എംഎൽഎമാരോ മീറ്റിങ്ങിന് എത്തുമ്പോഴോ പോകുമ്പോഴോ, ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എഴുന്നേറ്റ് നിന്ന് അവരെ മാന്യമായി അഭിവാദ്യം ചെയ്യണമെന്നാണ് പുതിയ മാർഗനിർദേശം. എംപിമാരുമായോ എംഎൽഎമാരുമായോ ഫോണിൽ സംസാരിക്കുമ്പോൾ, ബഹുമാനത്തോടെയും മാന്യമായ ഭാഷയിലും സംസാരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
എംപിമാരോ എംഎൽഎമാരോ ഒരു സർക്കാർ സർക്കാർ ഓഫീസ് സന്ദർശിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവർക്ക് പറയാനുള്ളത് ശ്രദ്ധാപൂർവ്വം കേൾക്കുകയും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഉടൻ സഹായം നൽകുകയും ചെയ്യണമെന്നും നിർദേശത്തിലുണ്ട്.
എംപിമാരുടെയോ എംഎൽഎമാരുടെയോ കത്തിടപാടുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകണം. കൂടാതെ രാഷ്ട്രീയക്കാർക്ക് ലഭിക്കുന്ന കത്തുകൾ രേഖപ്പെടുത്തുന്നതിന് എല്ലാ സർക്കാർ ഓഫീസുകളിലും ഓൺലൈൻ രജിസ്റ്ററുകൾ തയ്യാറാകണമെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. സർക്കാരുമായി ബന്ധപ്പെട്ട പരിപാടികളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ പരിഷത്ത് ചെയർപേഴ്‌സൺമാർ എന്നിവരുൾപ്പെടെ എല്ലാ പൊതു പ്രതിനിധികളെയും ക്ഷണിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. കൂടാതെ, പരിപാടിയുടെ ക്ഷണക്കത്തിൽ അവരുടെ പേരുകൾ അച്ചടിക്കുകയും പ്രോട്ടോക്കോൾ അനുസരിച്ച് അവരുടെ ഇരിപ്പിട ക്രമീകരിക്കുകയും വേണം. നിർദേശങ്ങൾ ലംഘിച്ചാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുഭരണ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Content Highlights: Maharashtra Public Administration Dept. issues conduct rules for government employees interacting with MPs & MLAs.