UPS നയം അംഗീകരിക്കുന്ന ആദ്യം സംസ്ഥാനമായി മഹാരാഷ്ട്ര; നിർണായകനീക്കം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

ഏക്നാഥ് ഷിന്ദേ, അജിത് പവാർ, ദേവേന്ദ്ര ഫട്നാവിസ് എന്നിവർ | Photo:ANI
ഏക്നാഥ് ഷിന്ദേ, അജിത് പവാർ, ദേവേന്ദ്ര ഫട്നാവിസ് എന്നിവർ | Photo:ANI

മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം അവതരിപ്പിച്ച ഏകീകൃത പെന്‍ഷന്‍ പദ്ധതി (യു.പി.എസ്) അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. സംസ്ഥാനത്ത് യു.പി.എസ്. നടപ്പാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി പ്രാബല്യത്തില്‍വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ഈ വർഷം മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാർ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. സംസ്ഥാനത്തെ കർഷകർക്ക് ​ഗുണകരമാകുന്ന രീതിയിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണ പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള നിർദേശത്തിനും മന്ത്രിസഭ അം​ഗീകാരം നൽകി. 

ശനിയാഴ്ചയാണ് സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകിയത്. അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. 2025 ഏപ്രിൽ ഒന്നിന് യു.പി.എസ്. നിലവിൽവരും.

നിലവിൽ എൻ.പി.എസിലുള്ളവർക്ക് യു.പി.എസിലേക്ക് മാറാം. എൻ.പി.എസിൽ തുടരണമെങ്കിൽ അതുമാകാം. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് നേട്ടമാകുന്നതാണ് പദ്ധതിയെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. സംസ്ഥാനങ്ങൾകൂടി യു.പി.എസ്. നടപ്പാക്കാൻ തയ്യാറായാൽ 90 ലക്ഷം പേർക്ക് നേട്ടം ലഭിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Content Highlights: Maharashtra Becomes First State To Adopt Unified Pension Scheme For Govt Employees